നേമം താലൂക്ക് ആശുപത്രി യില്‍ നിർമാണം പുരോഗമിക്കുന്ന പുതിയ കെട്ടിടങ്ങൾ.
30 കോടിയുടെ പദ്ധതി അന്തിമഘട്ടത്തില്‍
നേമം: നേമം താലൂക്ക് ആശുപത്രിക്കു ബഹുനില മന്ദിരം ഉയരുന്നു. 30 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിര്‍മാണ പ്ര വൃത്തികൾ വിലയിരുത്തുന്നതിനായി ആശുപത്രി വികസനസമിതിയും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ ഈ വര്‍ഷം അവസാനത്തോടെ മന്ദിരം ഉദ്ഘാടനം ചെയ്യാനാകുമെന്നു വിലയിരുത്തി.
നബാര്‍ഡിന്റെ 22 കോടിയും സംസ്ഥാന സര്‍ക്കാരിന്റെ എട്ടു കോടിയും ചേര്‍ന്നാണ് 30 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നബാര്‍ഡിന്റെ ധനസഹായത്തോടെ ആറുനിലകളുള്ള കെട്ടിടവും എന്‍എച്ച്എമ്മിന്റെ ധനസഹായത്തോടെ എട്ടു കോടി രൂപ ചെലവാക്കി നിര്‍മിക്കുന്ന മൂന്നു നില കെട്ടിടവും ഉള്‍പ്പെട്ടതാണ് ഈ പദ്ധതി.
നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മിക്കുന്ന കെട്ടിടത്തില്‍ പാര്‍ക്കിംഗ്, എക്സ്റേ, മെഡിക്കല്‍ ഗ്യാസ്, ഒബ്സര്‍വേഷന്‍ റൂം, ലാബ്, നഴ്സിംഗ് സ്റ്റേഷനുകള്‍, ഒപി മുറികള്‍, വെയിറ്റിംഗ് ഏരിയ, ഫാര്‍മസി, സ്റ്റോർ, അള്‍ട്രാ സൗണ്ട് സ്കാനിംഗ്, ഒഫ്താല് യൂണിറ്റ്, ദന്തല്‍ യൂണിറ്റ്, ആര്‍ഒ പ്ലാന്റ്, ഐപി വാര്‍ഡുകള്‍, ഐസലോഷന് വാര്‍ഡുകള്‍, ജനറല്‍ വാര്‍ഡുകള്‍, ഒഫ്താല്‍മിക് ഓപ്പറേഷന് തിയറ്റര്‍, ജനറല്‍ ഓപ്പറേഷന് തിയേറ്റര്‍, റിക്കവറി റൂം, പോസ്റ്റ് ഒപി വാര്‍ഡ്, മെഡിക്കല്‍ ഐസിയു എന്നിവ ഉണ്ടാകും.
35,000 ചതുരശ്ര അടി വിസ് തീര്‍ണം ഈ കെട്ടിടത്തിനുണ്ടാകും. എന്‍എച്ച്എം ധനസഹായത്തോടെ നിര്‍മിക്കുന്ന കെട്ടിടത്തില്‍ പാര്‍ക്കിംഗ്, റിസപ്ഷന്, രജിസ്ട്രേഷന്, പ്രൊഡ്യൂസര്‍, പ്ലാസ്റ്റര്‍ റൂം, കണ്‍സള്‍ട്ടിംഗ് റൂമുകള്‍, ഇസിജി റൂം, എമര്‍ജന്‍സി ഓപ്പറേഷന് തിയേറ്റര്‍, ഡയാലിസിസ് റൂം, സ്നാക്ക് ബാര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണിത്. താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടും നിലവില്‍ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന നേമം താലൂക്ക് ആശുപത്രിയി ൽ പുതിയ കെട്ടിടം തുറക്കുന്നതോടെ സൗകര്യങ്ങളും വര്‍ധിക്കും.
നഗരസഭയുടെ ഭാഗമായ നേമം മേഖലയിലേയും കല്ലിയൂര്‍, പള്ളിച്ചല്‍ പഞ്ചായത്തുകളില്‍ നിന്നുമുള്ള നൂറുകണക്കിന് സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമാണു നേമം താലൂക്ക് ആശുപത്രി. ദിവസവും ഒപി വിഭാഗത്തില്‍ ആയിരത്തോളം പേരാണ് ഇവിടെയെത്തുന്നത്. ഡോക്ടര്‍മാരുടെയും അനുബ ന്ധ ജീവനക്കാരുടെയും കുറവ് രോഗികളെ വലയ്ക്കുന്നുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Taluk Hospital