മൂന്നാർ ടൗണിനു സമീപം കെട്ടിക്കിടക്കുന്ന മാലിന്യം.
മൂന്നാർ: സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ താളം തെറ്റുന്നു. വാഹനങ്ങളുടെ അഭാവം മൂലം ടൗണിന്റെ വിവിധയിടങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കാൻ കഴിഞ്ഞ രണ്ടു മാസമായി കഴിഞ്ഞിട്ടില്ല. മൂന്നാർ ടൗൺ, കോളനി ഭാഗങ്ങളിലാണ് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽനിന്ന് ഉയരുന്ന ദുർഗന്ധം സമീപത്ത് താമസിക്കുന്നവരിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.
വിവിധയിടങ്ങളിലായി നിക്ഷേപിക്കുന്ന മാലിന്യങ്ങൾ പഞ്ചായത്തിനു കീഴിലുള്ള വാഹനങ്ങളിൽ കയറ്റി നല്ലതണ്ണി മാലിന്യനിർമാർജന പ്ലാന്റിൽ എത്തിക്കുന്നതാണ് പതിവ്. എന്നാൽ, കഴിഞ്ഞ ഏതാനും നാളുകളായി വാഹനങ്ങൾ ഇല്ലാത്തതുമൂലം മാലിന്യം നീക്കം ചെയ്യാനായിട്ടില്ല. മാലിന്യം നീക്കം ചെയ്യാനുള്ള വാഹനം പരിശോധനകൾക്കായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാക്കാൻ കൊണ്ടുപോയെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം.
എന്നാൽ, രണ്ടോ മൂന്നോ ദിവസം വേണ്ടിവരുന്ന പരിശോധനകൾക്കായി ആഴ്ചകളോളം വാഹനങ്ങൾ കാണാനില്ലെന്ന ആക്ഷേപത്തിന് പഞ്ചായത്ത് അധികൃതർക്ക് കൃത്യമായ മറുപടിയില്ല. ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന മൂന്നാറിലെ മാലിന്യങ്ങൾ അതതു സമയങ്ങളിൽ നീക്കം ചെയ്തില്ലെങ്കിൽ പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൂന്നാറിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുതന്നെ നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. ആവശ്യത്തിനുള്ള വാഹനങ്ങൾ വാങ്ങാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിസ്തൃതമായ മൂന്നാർ പഞ്ചായത്തിലുടനീളമുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ രണ്ടോ മൂന്നോ വാഹനങ്ങൾ കൂടി ആവശ്യമാണ്. വലിയ തുകയാണ് മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് നീക്കിവയ്ക്കുന്നത്.
സഞ്ചാരികൾ നിക്ഷേപിക്കുന്ന മാലിന്യത്തോടൊപ്പം പ്രദേശവാസികൾ നിക്ഷേപിക്കുന്ന മാലിന്യവും വലിയ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. വിവിധയിടങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം മൂന്നാറിന്റെ പ്രകൃതിഭംഗിക്കും കോട്ടംവരുത്തുന്നുണ്ട്. മാലിന്യങ്ങൾ നീക്കം ചെയ്യാൻ മൂന്നാർ ടൗണിലെ വ്യാപാര സ്ഥാപനസ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും പ്രതിമാസം നിശ്ചിത തുക പഞ്ചായത്ത് ഈടാക്കുന്നുണ്ട്. എങ്കിലും ഇവയഥാ സമയം നീക്കം ചെയ്യുന്നതിൽ പലപ്പോഴും വലിയ വീഴ്ചയാണുണ്ടാകുന്നത്.
Tags :