നാട്ടകം സുരേഷ്
ഗാന്ധിനഗർ: ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ആശ്രയമാകേണ്ട ആശുപത്രിക്കെട്ടിടം രോഗികൾക്കും ജീവനക്കാർക്കും ഭീഷണിയാകുന്നു. 270 കോടി രൂപ ചെലവഴിച്ച് നിർമിച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ തുടർച്ചയായി കെട്ടിടഭാഗങ്ങളും സീലിംഗും അടർന്നുവീഴുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.
കഴിഞ്ഞദിവസം സർജിക്കൽ ബ്ലോക്കിൽ ജീവനക്കാരുടെ ശുചിമുറിയിലെ സീലിംഗും ഹോളോബ്രിക്സ് കട്ടയുടെ ഭാഗങ്ങളും അടർന്നുവീണതാണ് ഏറ്റവും അവസാനത്തെ സംഭവം. ഒരു ജീവനക്കാരി ശുചി മുറിയുടെ വാതിൽ തുറന്ന സമയത്തുതന്നെ കട്ടയും സീലിംഗും അടർന്ന് വീണു; അപകടമുണ്ടായില്ല. കഴിഞ്ഞയാഴ്ച മറ്റൊരിടത്ത് സീലിംഗ് അടർന്നുവീണിരുന്നു.
ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികയാത്ത കെട്ടിടത്തിൽ ഏതാനും മാസങ്ങൾക്കിടെ നിരവധി തവണയാണ് വിവിധ ഭാഗങ്ങൾ അടർന്നു വീണത്. പലപ്പോഴും തലനാരിഴയ്ക്കാണ് രോഗികളും ജീവനക്കാരും അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. കെട്ടിടത്തിലെ പല ശുചിമുറികളും ചോരുന്നതായും രോഗികളും കൂട്ടിരിപ്പുകാരും പരാതിപ്പെടുന്നു. മഴക്കാലത്ത് കെട്ടിടത്തിന്റെ തൂണുകളിലൂടെ മഴവെള്ളം ഒഴുകിയിറങ്ങുന്ന സ്ഥിതിയുമുണ്ടായി. സീലിംഗ്, ജലവിതരണ സംവിധാനം, ഫാനുകൾ ഉൾപ്പടെയുള്ള വൈദ്യുത ഉപകരണങ്ങൾ എന്നിവ സംബന്ധിച്ചും നേരത്തേ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. നിർമാണത്തിലെ അപാകതകളും അടിസ്ഥാന സൗകര്യങ്ങളിലെ തകരാറുകളും പുതിയ സർജിക്കൽ ബ്ലോക്കിനെക്കുറിച്ച് നേരത്തേതന്നെ പരാതികൾക്ക് ഇടയാക്കിയിരുന്നു.
കെട്ടിടം നിർമിച്ച കമ്പനിയെകരിമ്പട്ടികയിൽ പെടുത്തണം: നാട്ടകം സുരേഷ്
ഗാന്ധിനഗർ: കെട്ടിടത്തിന്റെ സീലിംഗുകള്‍ തുടര്‍ച്ചയായി അടര്‍ന്നു വീഴുന്നതും ചോര്‍ച്ചയും ഇലക്ട്രിക്കല്‍ പ്ലംബിംഗ് തകരാറുകളും രോഗികളുടെയും ജീവനക്കാരുടെയും ജീവനു വലിയ ഭീഷണിയാണെന്ന് ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് നിയമസഭയില്‍ പറഞ്ഞു.
പുതിയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ പല ഭാഗങ്ങളും ഓരോ ദിവസവും അടര്‍ന്നു വീഴുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടു തവണ സീലിംഗ് വീണ് അപകടമുണ്ടായതായി അദ്ദേഹം സൂചിപ്പിച്ചു. നിര്‍മാണച്ചുമതലയുണ്ടായിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണം. അഴിമതിയെക്കുറിച്ചും സാങ്കേതിക വീഴ്ചകളെക്കുറിച്ചും വിദഗ്ധ സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
Tags :