തലശേരി തുറമുഖ നിർമാണത്തിന്റെ പുതിയ ഡിസൈന്‍.
കണ്ണൂർ: ബ്രിട്ടീഷ് ഭരണകാലം മുതല്ക്കേ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി ചരിത്രത്തില്‍ ഇടംപിടിച്ച തലശേരി തുറമുഖം വിനോദസഞ്ചാര കേന്ദ്രമാകുന്നു. പഴയ പ്രതാപവും സാംസ്കാരിക പൈതൃകവും ഒട്ടും ചോര്‍ന്നുപോകാതെ, ആധുനികതയുടെ പുതുവെളിച്ചത്തിലേക്ക് ചുവടുവയ്ക്കുകയാണ് തലശേരി തുറമുഖം. "മിഷന് സമുദ്ര' പദ്ധതിയുടെ ഭാഗമായി തലശേരി തുറമുഖത്തെ ഒരു അത്യാധുനിക സമുദ്ര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്.
നിയമസഭയില്‍ എംഎല്‍എ കാരായി രാജന് ഉന്നയിച്ച സബ്മിഷന് മുഖ്യമന്ത്രി വി.ഡി. സതീശന് നല്കിയ മറുപടിയിലാണ് തലശേരിയുടെ മുഖച്ഛായ മാറ്റുന്ന ഈ വികസന പദ്ധതികള്‍ അറിയിച്ചത്. പിപിപി മാതൃകയില്‍ കേരള മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള തലശേരി തുറമുഖത്തെ 1.40 ഏക്കര്‍ സ്ഥലമാണ് വികസനക്കുതിപ്പിനായി ഒരുങ്ങുന്നത്. കടല്‍പ്പാലം, ഓഫിസ് സമുച്ചയങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍, വെയര്‍ഹൗസുകള്‍ എന്നിവയടങ്ങുന്ന ഈ പ്രദേശം പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയില്‍ വികസിപ്പിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു.
സ്ഥലത്തിന്റെ വിനോദസഞ്ചാര സാധ്യതകളും സാമ്പത്തിക സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഈ വികസനത്തിലൂടെ ലക്ഷ്യമിടുന്നത്.
തുറമുഖത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള കടല്‍പ്പാലവും അനുബന്ധ കെട്ടിടങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കും. സഞ്ചാരികള്‍ക്കായി തുറമുഖത്ത് കടല്‍ത്തീര നടപ്പാത, സമുദ്ര പൈതൃക മ്യൂസിയം, ജലകായിക വിനോദങ്ങള്‍ , ഭക്ഷണശാലകള്‍, സാംസ്കാരിക പരിപാടികള്‍ക്കായുള്ള പ്രത്യേക വേദികള്‍ എന്നിവയാണ് ഒരുങ്ങുന്ന പ്രധാന ആകര്ഷണങ്ങള്.
ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ തലശേരി കോട്ട, വിഖ്യാതമായ മുഴപ്പിലങ്ങാട് ഡ്രൈവ്-ഇന്‍ ബീച്ച്, ധര്‍മടം തുരുത്ത് എന്നിവയുള്‍പ്പെടുന്ന മലബാര്‍ വിനോദസഞ്ചാര ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമായി തലശേരി തുറമുഖം മാറും.
തദ്ദേശവാസികള്‍ക്ക് നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും. ഒപ്പം, തങ്ങളുടെ ആസ്തികള്‍ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നതിലൂടെ കേരള മാരിടൈം ബോര്‍ഡിന് സുസ്ഥിരമായ ഒരു വരുമാനം ഉറപ്പാക്കാനും ഈ വികസന പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags :