പ്രതീകാത്മക ചിത്രം
ആലക്കോട്: ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിംഗിലൂടെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് പ്രവാസി ദമ്പതികളിൽ നിന്ന് 32 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ആലക്കോട് സൈബർ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലയാളിയായ ഏയ്ഞ്ചൽ സെബാസ്റ്റ്യൻ എന്ന സ്ത്രീക്കെതിരേയാണ് കേസ്. അബുദാബിയിൽ നഴ്സായി ജോലി ചെയ്യുന്ന ഇരിട്ടി കരിക്കോട്ടക്കരി സ്വദേശി സോണിയ ജേക്കബും, ഭർത്താവ് ടോമി ജേക്കബുമാണ് തട്ടിപ്പിനിരയായതായി പരാതി നൽകിയത്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ദമ്പതികൾ ഏയ്ഞ്ചൽ സെബാസ്റ്റ്യനുമായി പരിചയപ്പെട്ടത്. ബിനാൻസ് ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 2025 ഡിസംബർ രണ്ട് മുതൽ പല തവണകളായി ബാങ്ക് അക്കൗണ്ട് വഴി 32 ലക്ഷം രൂപ കൈക്കലാക്കിയെ ന്നാണ് പരാതി. നിക്ഷേപത്തിന് 78 ലക്ഷം രൂപ ലാഭവിഹിതം ലഭിച്ചതായി അറിയിച്ചെങ്കിലും ഈ തുക അക്കൗണ്ടിൽനിന്ന് പിൻവലിക്കാൻ കഴിഞ്ഞില്ല.
ലാഭവിഹിതം പിൻവലിക്കാൻ വീണ്ടും പണം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ ദമ്പതികൾ സംസ്ഥാന ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും ഓൺലൈനായി പരാതി നൽകുകയായിരുന്നു. തുടർന്ന് സോണിയയുടെ ബന്ധുവും കരുഞ്ചാൽ സ്വദേശിയുമായ സാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലിസ് കേസെടുത്തത് അന്വേഷണം തുടങ്ങിയത്.
Tags :