ഹൈക്കോടതി
കുണ്ടറ: ഗ്രാമപഞ്ചായത്തിന്റെ ഒഴിപ്പിക്കൽ നടപടി തടയാൻ സിഐടിയു നേതാക്കൾ വ്യാജ ഹൈക്കോടതി ഉത്തരവ് ഹാജരാക്കിയതായി പരാതി. കൊല്ലം കോർപറേഷനുമായി ബന്ധപ്പെട്ട കോടതി ഉത്തരവിൽ തിരുത്തൽ വരുത്തി കുണ്ടറ പഞ്ചായത്ത് സെക്രട്ടറിയുടെ പേര് ചേർത്തെന്നാണ് ആരോപണം. സംഭവത്തിൽ ഹൈക്കോടതി രജിസ്ട്രാർക്കും ഡിജിപിക്കും പഞ്ചായത്ത് അധികൃതർ പരാതി നൽകി.
പഞ്ചായത്ത് നടപ്പാക്കാനിരുന്ന ഒഴിപ്പിക്കൽ നടപടിക്കെതിരേ സിഐടിയു പ്രാദേശിക നേതാക്കളാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് എന്ന പേരിൽ ഒരു പകർപ്പ് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും മുന്നിൽ ഹാജരാക്കിയത്. എന്നാൽ, ഉത്തരവിൽ കുണ്ടറ പഞ്ചായത്ത് സെക്രട്ടറിയെ കക്ഷി ചേർത്തതായി കണ്ടതോടെ അധികൃതർക്ക് സംശയം തോന്നി. തുടർന്ന് കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധന നടത്തിയപ്പോഴാണ് രേഖകളിൽ കുണ്ടറ പഞ്ചായത്ത് കക്ഷിയല്ലെന്നും ഇത്തരമൊരു പകർപ്പില്ലെന്നും വ്യക്തമായത്.കഴിഞ്ഞ മാസം മൂന്നിന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ കൊല്ലം കോർപറേഷനുമായി ബന്ധപ്പെട്ട കേസിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് കൃത്രിമം കാട്ടിയതെന്നാണ് പ്രാഥമിക നിഗമനം.
കോടതി രേഖയിലെ ഏഴാം എതിർകക്ഷിയായ കൊല്ലം മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറിയുടെ സ്ഥാനത്ത്, കുണ്ടറ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെന്ന് മാറ്റി ടൈപ്പ് ചെയ്ത് ചേർത്താണ് നേതാക്കൾ ഹാജരാക്കിയത്.കോടതി രേഖയിൽ കൃത്രിമം കാട്ടിയവർ, വ്യാജരേഖ തയാറാക്കിയവർ, ഇതിനു കൂട്ടുനിന്നവർ എന്നിവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. വ്യാജരേഖ ഹാജരാക്കി പഞ്ചായത്ത് ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ചതിനെതിരെ ഡിജിപി, ജില്ലാ പൊലിസ് മേധാവി (എസ്പി), കുണ്ടറ സിഐ എന്നിവർക്ക് പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ജി. വിനോദ് കുമാറും വ്യക്തമാക്കി.
Tags :