സംസ്ഥാന സ്കൂൾ കായികമേള സീനിയർ വിഭാഗം ആൺകുട്ടികൾ 110 മീറ്റർ ഹർഡിൽസ് മത്സരത്തിൽ നിന്ന്.
കോഴിക്കോട്: ട്രാക്കില്‍ തീപ്പൊരി പടര്‍ത്തിയും വിജയലക്ഷ്യത്തിലേക്ക് ഓടിയെത്തിയും 68-ാമത് കേരള സംസ്ഥാന സ്കൂള്‍ കായികമേള. അത്ലറ്റിക്സ് മത്സരങ്ങളുടെ മൂന്നാം ദിനവും ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഉള്‍പ്പെടെ കായികമേളയുടെ നാലാം ദിനവും പൂര്‍ത്തിയാകുമ്പോള്‍ കോഴിക്കോടിന്റെ കായികമണ്ണില് ആവേശത്തിന് അല്‍പ്പം പോലും കുറവില്ല.
117.5 പവന്റെ തിളങ്ങുന്ന സ്വര്‍ണക്കപ്പെന്ന ഒറ്റ സ്വപ്നത്തിലേക്ക് കണ്ണുനട്ട് 14 ജില്ലകളില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും എത്തിയ പതിനായിരത്തോളം കൊച്ചു കായികപ്രതിഭകളാണ് കായികമാമാങ്കത്തിന്റെ ജീവത്തുടിപ്പായി മാറിയിരിക്കുന്നത്.
എന്‍ഐടിയിലെ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് കോംപ്ലക്സിലെ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരങ്ങളില്‍ കാണികളുടെ നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങള്‍ ഏറെയായിരുന്നു. കായികലോകത്തെ ഏറ്റവും വേഗമേറിയ പ്രതിഭകളെ കണ്ടെത്തുന്ന 100 മീറ്റര്‍ സ്പ്രിന്റുകളില്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞ കൗമാര താരങ്ങള്‍ സ്റ്റേഡിയത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി. 1500 മീറ്റര്‍ ദീര്‍ഘദൂര ഓട്ടത്തിലും വായുവില്‍ വിസ്മയം തീര്‍ത്ത പോള്‍വോള്‍ട്ടിലും ലോംഗ് ജംപിലും ഹൈജംപിലും കരുത്ത് വിളിച്ചോതിയ ജാവലിന്‍-ഡിസ്കസ് ത്രോ ഇനങ്ങളിലും പുതിയ റെക്കോര്‍ഡുകള്‍ കുറിക്കാനുള്ള താരങ്ങളുടെ പോരാട്ടവീര്യം പ്രകടമായിരുന്നു. തോല്‍വികളില്‍ നിരാശപ്പെടാതെ വിജയിച്ചവരെ കെട്ടിപ്പുണര്‍ന്ന് അഭിനന്ദിക്കുന്ന കായിക വസന്തത്തിന്റെ സൗഹൃദക്കാഴ്ചകളും ട്രാക്കില്‍ കാണാമായിരുന്നു.
കായികമേളയുടെ സുരക്ഷയ്ക്കായി ദിവസേന 400ഓളം പൊലിസ് ഉദ്യോഗസ്ഥരാണ് രംഗത്തുള്ളത്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും രണ്ട് മുതല്‍ രാത്രി പത്ത് വരെയും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ട്.
Tags :