പത്തനംതിട്ട: ഗവി മിനാറിൽ അങ്കണവാടി ജീവനക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വിനോദ് കുമാർ റിമാൻഡിൽ. ഇന്നലെ രാവിലെ മൂഴിയാർ പോലീസ് റാന്നി കോടതിയിലാണ് ഹാജരാക്കിയ വിനോദ് കുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് അയച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും. കഴുത്ത് ഞെരിച്ച് വെളളത്തിൽ മുക്കിയാണ് അങ്കണവാടി ജീവനക്കാരിയായ യുവതിയെ ഇയാൾ കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെ വനത്തിലൂടെ നടന്ന് അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിന്നാലെ എത്തിയ ഇയാൾ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. മുമ്പും ദുരുദ്ദേശ്യത്തോടെ യുവതിയെ ശല്യം ചെയ്തിരുന്നതായാണ് വിവരം. അങ്കണവാടിയിലേക്ക് വനത്തിലൂടെ നാല് കിലോ മീറ്ററോളം നടന്നു പോകണം. ഭയമുള്ളതിനാൽ യുവതി യാത്രക്കിടയിൽ സഹോദരന്റെ മകനുമായി ഫോണിൽ സംസാരിച്ചാണ് നടന്നു പോയത്. ഈ സമയമാണ് അതിക്രമം ഉണ്ടായത്.
പിടിവലിക്കിടയിൽ കല്ലിൽ തലയടിച്ച് വീണ യുവതിയെ താഴെ അരുവിയുടെ ഭാഗത്തേക്ക് ഇയാൾ വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. ഫോണിൽ സംസാരിച്ച സഹോദര പുത്രൻ അപകടം തിരിച്ചറിഞ്ഞ് പെട്ടെന്ന് നാട്ടുകാരെയും കൂട്ടി തെരച്ചിലിന് എത്തിയതു കൊണ്ടാണ് വിനോദിനെ വൈകാതെ തന്നെ പിടികൂടാൻ കഴഞ്ഞത്. ബസിൽ കയറി ഇടുക്കി ഭാഗത്തേക്ക് പോയ പ്രതിയെ വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വെച്ചാണ് ചില ദൃക്സാക്ഷികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലർ പിടികൂടിയത്. തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. പിന്നീട് പത്തനംതിട്ട പോലീസിന് ഇയാളെ കൈമാറി.
ലൈംഗികാതിക്രമമായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്ന് സംശയിക്കുന്നുണ്ടെങ്കിലും അക്കാര്യം സമ്മതിച്ചില്ലെന്നാണ് പോലീസ് അറിയിച്ചത്. യുവതിയുടെ മൃതദേഹം ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി. വെള്ളത്തിൽ മുക്കി കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന് പരിശോധനയിൽ വ്യക്തമായി. ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാൻ രാസ പരിശോധന നടത്തേണ്ടതുണ്ട്.