മേയർ ഒ.സദാശിവൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കോഴിക്കോട്: കോർപറേഷനിലെ മാലിന്യങ്ങൾ ശേഖരിക്കുന്ന വാഹനത്തില്‍ നിന്നുള്ള മലിനജലം ഇനിമുതൽ റോഡിൽ വീണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. നഗരത്തിലെ ഇടവഴികളിലൂടെ കടന്നുചെന്ന് ജൈവമാലിന്യം ശേഖരിക്കാനായി ആധുനിക സൗകര്യങ്ങളുള്ള കവേർഡ് (മൂടിയുള്ള ) പിക്കപ്പ് വാനുകൾ കോർപറേഷൻ വാങ്ങി.
കോർപറേഷൻ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മേയർ ഒ.സദാശിവൻ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി) യുടെ ഫണ്ടിൽ ഉൾപ്പെടുത്തി 1.40 കോടി ചെലവിട്ട് അഞ്ച് പിക്കപ്പ് ലോറികളും രണ്ട് വലിയ ലോറികളുമാണ് കോർപറേഷൻ വാങ്ങിയത്. ഇതിൽ അഞ്ചെണ്ണമാണ് പുറത്തിറക്കിയത്.
ജൈവ മാലിന്യ ത്തിൽ നിന്ന് ഊർന്നു വരുന്ന ലീച്ചേറ്റ് വാഹനത്തിൽ പ്രത്യേകം ഘടിപ്പിച്ച് ടാങ്കിൽ ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനമുള്ളതിനാൽ റോഡും പരിസരവും വൃത്തികേടാകാതെ മാലിന്യ നീക്കം സാധ്യമാകുന്നതാണ്.
മാലിന്യ സംഭരണ കേന്ദ്രത്തിലെത്തുന്ന വാഹനങ്ങളിൽ നിന്ന് മലിനജലം ഒഴുക്കിക്കളായും സംവിധാനമൊരുക്കിയിട്ടുണ്ട്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ ഡോ. എസ്.ജയശ്രീ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ വി.പി. മനോജ്, സുജാത കൂടത്തിങ്കൽ, വിനീത സജീവ്, കെ.രാജീവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.