മാല ഉടമയായ അനുരാധികയെ ഏൽപ്പിക്കുന്നു.
ചെറായി: റോഡിൽ കളഞ്ഞു കിട്ടിയ എട്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഏഴര പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി നഴ്സിംഗ് വിദ്യാർഥിനികൾ. അയ്യമ്പിള്ളി സ്വദേശികളും സുഹൃത്തുക്കളുമായ കപ്പട്ടിത്തറ അനഘ രാജീവ്, കളത്തിൽ വീട്ടിൽ കെ.എൽ. ശ്രീദേവി എന്നിവരാണ് ഒരു നാടിന്റെ മുഴുവൻ ആദരവ് അർഹിക്കുന്ന തരത്തിലുള്ള സത്യസന്ധത കാട്ടിയത്.
മുനമ്പം സ്വദേശി മാടത്തിങ്കൽ അക്ഷയുടെ ഭാര്യ അനുരാധികയുടെതായിരുന്നു മാല. ഇവർ ഇന്നലെ എടവനക്കാട് പഴങ്ങാടുള്ള ലേഡീസ് ഷോപ്പിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു. ഈ സമയത്താണ് കൈവശമുണ്ടായിരുന്ന മാല നഷ്ടപ്പെട്ടത്. ഇതിനിടയിൽ അതുവഴി വന്ന നഴ്സിംഗ് വിദ്യാർഥികളായ അനഘയ്ക്കും ശ്രീദേവിക്കും കടയുടെ മുമ്പിൽ കിടന്നാണ് ആഭരണം ലഭിച്ചത്. തുടർന്ന് ഇരുവരും കടയിൽ വിവരമറിയിക്കുകയും ഇവരുടെ ഫോൺ നമ്പർ നൽകുകയും ചെയ്തു. പിന്നീട് നേരെ ഞാറക്കൽ പൊലിസ് സ്റ്റേഷനിൽ എത്തി മാല ഏൽപ്പിച്ചു.
\
ഇതിനിടെ ഉടമ മാല അന്വേഷിച്ച് കടയിലെത്തുകയും കടക്കാരൻ പറഞ്ഞതനുസരിച്ച് ഞാറക്കൽ പൊലിസുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് പൊലിസ് വിദ്യാർഥികളെ വിളിച്ചുവരുത്തി എസ്എച്ച്ഒ സി.എസ്. നെൽസൺ, പിആർഒ എസ്ഐ ദേവരാജൻ എന്നിവരുടെ സാന്നിധ്യത്തിൽ മാല ഉടമക്ക് കൈമാറുകയായിരുന്നു.
Tags : Nursing students NattuVishasham DistrictNews