പ്രതീകാത്മക ചിത്രം
പുനലൂർ: ദീപാവലിയെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇക്കുറി പടക്കവിപണി നിർജീവം. തമിഴ്നാട്ടിലെ പടക്ക നിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതും തിരിച്ചടിയായി.
ശിവകാശിയിലും മറ്റു പ്രവർത്തിച്ചിരുന്ന നിരവധി പടക്ക നിർമാണ ഫാക്ടറികളാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്ന് തമിഴ്നാട് സർക്കാർ അടച്ചുപൂട്ടിയത്.
നിവവധി കച്ചവട കേന്ദ്രങ്ങൾ അപ്രത്യക്ഷമായി കഴിഞ്ഞു. പടക്ക കച്ചവടത്തിന് ലൈസൻസ് നേടാൻ ഇക്കുറി കടുത്ത നിബന്ധനകളാണ് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഏർപ്പെടുത്തിയിട്ടുള്ളത്.
അതാത് ജില്ലയിലെ എഡിഎമ്മിൽ നിന്നാണ് ലൈസൻസ് നേടേണ്ടത്. എന്നാൽ ഇക്കുറി ജില്ലാ ഫയർ ഓഫിസർമാരുടെ നിർദേശാനുസരണം പറയുന്ന മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളു. പടക്കം സംഭരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തികൾ തീപടരാത്ത പെയിന്റുകൾ ഉപയോഗിക്കണം, വെള്ളം പമ്പു ചെയ്യാൻ മോട്ടോർ, വാട്ടർ ടാങ്ക് വൈദ്യുതി നിലച്ചാൽ പ്രവർത്തിക്കാൻ ജനറേറ്റർ, അലാറം, പുറത്തേയ്ക്ക് തുറക്കാൻ കഴിയുന്ന ഡോറുകൾ തുടങ്ങി നിരവധി നിബന്ധനകളുണ്ട്.
ഇതിനൊക്കെ പുറമെ ഫയർ ഓഫിസർമാർ നിർദേശിക്കുന്ന ഏജൻസികൾക്ക് നിർമാണചുമതല നൽകണമെന്നതും ചില ഓഫിസർമാർ നിർദേശിക്കാറുണ്ട്. ഇതു പണം തട്ടാനുള്ള പരിപാടിയാണെന്നും പടക്ക നിർമാതാക്കൾ പറയുന്നു.
ഇതിനൊക്കെ പുറമെ സമീപത്ത് പെട്രോൾ പമ്പ്, റേഷൻകട , സ്കൂൾ, ആശുപത്രി , ആരാധനാലയങ്ങൾ എന്നിവയും ഉണ്ടാകാൻ പാടില്ല. ഒരു കച്ചവട ലൈസൻസിയ്ക്ക് അഞ്ചുവർഷമാണ് കാലാവധി. ഇതിനായി ഫയർ ആൻഡ് സേഫ്റ്റി നിർദ്ദേശാനുസരണം മൂന്ന് മുതൽ അഞ്ചു ലക്ഷം രൂപ വരെ ചിലവിടേണ്ടിവരുമെന്നും ഇവർ പറയുന്നു. 40 ദിവസം മുമ്പ് ലൈസൻസിന് അപേക്ഷ സമർപ്പിക്കണം.
ദീപാവലി സമയം മാത്രം കച്ചവടം ചെയ്യുന്നവർക്കും ഇത് ബാധകമാക്കിയതോടെ ഏറെ കച്ചവടക്കാരും പിൻവാങ്ങിക്കഴിഞ്ഞു. ദീപാവലി ലൈസൻസ് ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ്. ഇതിനെതിരെ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിൽ അനുകൂലമായ വിധി സമ്പാദിച്ചതിനെ തുടർന്ന് കുറച്ച് വ്യാപാരികൾ അവിടെ സജീവമായിട്ടുണ്ട്.
കഴിഞ്ഞ വർഷം 850 ഓളം ലൈസൻസികളിൽ നിന്നും 260 ആയി ചുരുങ്ങി. കൊല്ലത്ത് 40 ലൈസൻസികൾ വിരലിൽ എണ്ണാവുന്നതായി ചുരുങ്ങി. പടക്ക നിർമാണം നടത്തി വില്പന നടത്തുന്നവർക്ക് ഇത് ഇരുട്ടടിയായി. പ്രധാന നിർമാണ വസ്തുവായ നൈട്രിക് ആസിഡിന്റെ ലഭ്യതക്കുറവ് തിരിച്ചടിയായി. ശിവകാശിയിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന 180 ഓളം പടക്ക നിർമാണ കേന്ദ്രങ്ങൾ വിജയ് സർക്കാർ അടച്ചുപൂട്ടിയതിനാൽ പടക്ക ഉത്പന്നങ്ങൾക്ക് ഇക്കുറി വിലയേറും. എന്നാൽ ശിവകാശിയിൽ ഫയർ നിയമങ്ങൾ കർശനമല്ല.
എന്തുതന്നെ ആയാലും ഇക്കുറി പടക്ക വിപണിയിൽ മലയാളികൾക്ക് കൈ പൊള്ളുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. നിലവിലെ ലൈസൻസികൾ ഇരട്ടി വില ഈടാക്കുന്നതിലൂടെ ആകാശത്തെ വർണവിസ്മയ കാഴ്ചകൾക്ക് പകിട്ട് കുറയും.
Tags :