മോഴയുടെ കാല്പാടുകൾ കണ്ടെത്തിയ സ്ഥലം പരിശോധിക്കുന്നു.
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസമേഖലയിലെയും ഏറ്റവും അക്രമകാരിയായ കെഎം1 എന്ന മോഴയനായെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യമായ ‘ഓപ്പറേഷൻ മഖ്ന’ആരംഭിച്ചു. ഇതിന്റെ ഭാഗായി ഇന്നലെ ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷിനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുനരധിവാസ മേഖലയിലും ഫാമിന്റെ വിവിധ ഭാഗങ്ങളിലും പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്തിയില്ല. ആന വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടന്നിരിക്കാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
മോഴയെ മയക്കുവെടിവച്ച് പിടികൂടിയശേഷം സുരക്ഷിത വനമേഖലയിലേക്ക് മാറ്റുന്നതിന് മുമ്പ് താത്കാലികമായി പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന നടപടികളും ആറളം വന്യജീവി സങ്കേതത്തിൽ ആരംഭിച്ചിട്ടുണ്ട്. ഈ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായ ശേഷമായിരിക്കും മയക്കുവെടിവച്ച് പിടികൂടുന്ന ദൗത്യത്തിലേക്ക് കടക്കുക. മയക്കുവെടിവയ്ക്കുന്നതിന് മുമ്പ് മോഴയുടെ ആരോഗ്യനിലയും പെരുമാറ്റരീതിയും വിലയിരുത്തുന്നതിനായി ദ്രുതപ്രതികരണ സേന (ആർആർടി) വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയും പുനരധിവാസ മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചിരുന്നു. ഇത് മോഴയാനയായിരിക്കുമെന്നാണ് സംശയിച്ചിരുന്നത്. എന്നാൽ കാൽപ്പാടുകൾ പരിശോധിച്ച ശേഷം ഇത് മോഴയാനയുടേതല്ലെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അതേസമയം കോട്ടപ്പാറ മേഖലയിൽ മോഴയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന വനമേഖലയിലേക്ക് കടന്നിരിക്കാമെന്ന് വനംവകുപ്പ് വിലയിരുത്തുന്നത്. തിങ്കളാഴ്ച ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി നടത്തിയ തുരത്തൽ ദൗത്യത്തിൽ നാല് ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു. ഇവയിൽ മോഴയും ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
തുടർച്ചയായ മഴയും വനപ്രദേശത്തെ പ്രതികൂല സാഹചര്യങ്ങളും നിരീക്ഷണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. അക്രമം നടത്തിയശേഷം ഉൾവനത്തിലേക്ക് അതിവേഗം മറയുകയും ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുകയും ചെയ്യുന്നതാണ് കെഎം1 മോഴയാനയുടെ രീതി. ആറളം ഫാമിലെ പത്താം ബ്ലോക്കാണ് പ്രധാന സഞ്ചാര കേന്ദ്രമെങ്കിലും ഏഴ്, ഒന്പത്, പതിമൂന്ന് ബ്ലോക്കുകളിലും എത്താറുണ്ട്. വനത്തിലേക്ക് തുരത്തിയാലും വേഗം തന്നെ തിരിച്ചു വരുന്ന സ്വഭാവവും കെഎം1 നുണ്ട്. ഇക്കാരണത്താൽ ഉൾവനത്തിലേക്ക് കടന്നാലും തിരിച്ചു ഫാമിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
Tags : Nattuvishesham DistrictNews DeepikaNews "Operation Makhna"