പിടിയിലായ മുഹമ്മദ് കുട്ടി എന്ന നാണി.
നിലമ്പൂർ: "ഓപറേഷൻ തൂഫാൻ’ ദൗത്യം തുടരുന്നതിനിടെ വില്പനയ്ക്ക് കൈവശം വച്ച കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. മന്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ്കുട്ടി (65) എന്ന ചെന്പൻ നാണിയെയാണ് നിലന്പൂർ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.
വീട്ടിലെ രഹസ്യഅറയിൽ സൂക്ഷിച്ച 730 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. നിലന്പൂർ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നായർക്കു ലഭിച്ച വിവരത്തെത്തുടർന്ന് ഇന്നലെ രാവിലെ 11ഓടെ മന്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മുഹമ്മദ്കുട്ടി അറസ്റ്റിലായത്.
അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യഅറയുണ്ടാക്കി മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സംശയം തോന്നി ടൈൽസ് ഇളക്കി മാറ്റി നോക്കിയപ്പോഴാണ് രഹസ്യഅറ കണ്ടത്.
മുന്പ് നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ട പ്രതിയെ പോലീസ് കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കിന്റെ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ ഇയാൾ വീണ്ടും കഞ്ചാവ് വിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇയാൾ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് ഉൾപ്പെടെ മുഹമ്മദ്കുട്ടി കഞ്ചാവ് നൽകുന്നതിൽ ഇയാൾക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിടികൂടിയ കഞ്ചാവിന് വിപണിയിൽ കാൽ ലക്ഷത്തോളം രൂപ വില വരും. കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 22,500 രൂപയും ഇലക്ട്രോണിക് ത്രാസും കോടതിയിൽ ഹാജരാക്കും.
നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ബി.എസ്.ബിനു, സീനിയർ സിപിഒ ലിജുജോർജ്, സിപിഒ അജീഷ്, പി.വി. സുനില, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഓപറേഷൻ തൂഫാൻ കുടുംബങ്ങളിൽ ആശ്വാസം: സലഫി മഹല്ല് സമ്മേളനം
പെരിന്തൽമണ്ണ: പൊതുജനങ്ങൾക്കിടയിൽ കടുത്ത വെല്ലുവിളിയുയർത്തുന്ന ലഹരിവ്യാപനത്തെ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന "ഓപ്പറേഷൻ തൂഫാൻ’ സ്വാഗതാർഹമാണെന്നും പദ്ധതി കുടുംബങ്ങൾക്ക് ആശ്വാസമാകുന്നുണ്ടെന്നും പെരിന്തൽമണ്ണ സലഫി മസ്ജിദ് സംഘടിപ്പിച്ച മഹല്ല് സമ്മേളനം അഭിപ്രായപ്പെട്ടു.
ലഹരി വ്യാപനം തടയാൻ എൻഫോഴ്സ്മെന്റ് ശക്തമാക്കാൻ സർക്കാർ തയാറാകുന്പോൾ സമാന്തരമായി ബോധവത്കരണം ശക്തിപ്പെടുത്താൻ മത സാമൂഹിക സാംസ്കാരിക സംഘടനകൾ മുന്നോട്ട് വരണമെന്നും സംഗമം ആവശ്യപ്പെട്ടു.
മഹല്ല് സമ്മേളനം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. സലഫി മസ്ജിദ് സെക്രട്ടറി അബ്ദുൾ ഹമീദ് പറപ്പൂർ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, ഹാരിസ് ബിൻസലിം, ഡോ. പി.പി. നസീഫ്, ഷംജാസ് കെ. അബ്ബാസ്, കാരാട്ടിൽ മുഹമ്മദ് ജമാൽ, ഒ. ഫസ്ലു, ഹക്കിം തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram