പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ നഗരസഭാ കൗണ്‍സിലില്‍ എല്‍ഡിഎഫ് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മൂന്ന് അജണ്ടകള്‍ പാസാക്കാനായില്ല. സ്റ്റാൻഡിംഗ്കമ്മിറ്റി ചെയര്മാന്മാരുടെ കാബിനുകള്‍ മോടിപിടിപ്പിച്ച വകയില്‍ 99,549 രൂപ ചെയര്‍പെഴ്സന്റെ മുന്‍കൂര്‍ അനുമതിയോടെ ചിലവഴിച്ചത് ക്രമവിരുദ്ധമാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
തുക ചിലവഴിക്കാന്‍ ഫിനാന്‍സ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകാരം വേണമെന്നിരിക്കെ ചിലവഴിച്ച തുക മൂന്നാക്കി വിഭജിച്ച് മൂന്ന് അജണ്ടയാക്കി ഉള്‍പ്പെടുത്തിയത് എല്‍ഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ക്രമവിരുദ്ധമായാണ് ഈ തുക ചിലവഴിച്ചതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് റിവോള്‍വിംഗ് ചെയറും സാധനസാമഗ്രികളും വാങ്ങിയതെന്നുമുള്ള മുനിസിപ്പല്‍ എൻജിനീയറുടെ വിശദീകരണത്തോടെ ടി തുക മുനിസിപ്പല്‍ സെക്രട്ടറിയുടെ ശമ്പളത്തില്‍ നിന്നും ഈടാക്കണമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സ്വകാര്യസ്ഥാപനത്തില്‍ നിന്നും സുതാര്യമല്ലാതെ ക്വട്ടേഷന്‍ ഇല്ലാതെ നടത്തിയ പര്‍ച്ചേസില്‍ അഴിമതിയുണ്ടെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.
അഴിമതി ആരോപണത്തെ തുടര്‍ന്ന് മുനി. സെക്രട്ടറിയെ പഴിചാരേണ്ടതില്ലെന്നും ടി തുക വൈസ് ചെയര്മാന് സ്വന്തം കൈയില്‍ നിന്നും എടുത്തുവയ്ക്കാം എന്നും കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്മാന് പ്രഖ്യാപിച്ചു.
സിഡിഎസ് ഭരണസമിതിയിലേക്ക് അഞ്ചു വനിതാ കൗണ്‍സിലര്‍മാരെ തെരഞ്ഞെടുത്തത് 11 അംഗങ്ങള്‍ ഉള്ള എല്‍ഡിഎഫ് പക്ഷത്ത് നിന്ന് ആരെയും പരിഗണിക്കാതെ അഞ്ചു പേരെയും യുഡിഎഫ് പക്ഷത്ത് നിന്ന് തന്നെ വോട്ടിട്ട് തീരുമാനിച്ചതില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട സിഡിഎസിനെ യുഡിഎഫ് ഭരണസമിതി രാഷ്ട്രീയ വത്കരിക്കുകയാണെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam