വെട്ടിയാർ വില്ലേജ് ഓഫീസിനു സമീപം കാടുകയറിയ പിഐപി കനാൽ.
മാങ്കാംകുഴി: കോട്ടമുക്കിൽ വെട്ടിയാർ വില്ലേജ് ഓഫീസിനു സമീപം പമ്പ ഇറിഗേഷൻ പ്രോജക്ടായ പിഐപി കനാൽ പ്രദേശം കാടുകയറിയതിനെത്തുടർന്ന് കാട്ടുപന്നികൾ ഉൾപ്പടെയുള്ള വന്യജീവികളുടെയും ഇഴജന്തുക്കളുടെയും ആവാസകേന്ദ്രമായി മാറി.
കാടുവളർന്നു റോഡിലേക്ക് പടർന്നതോടെ വാഹനയാത്രക്കാർക്കും അപകടക്കെണിയായി മാറി. ദൂരെനിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത തരത്തിൽ ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്ന അവസ്ഥയിലാണ് റോഡിന്റെ ഇരു സൈഡിലും പാഴ്മരങ്ങളും പാഴ്ച്ചെടികളും വളർന്നിരിക്കുന്നത്. മാവേലിക്കര -പന്തളം റോഡും കൊല്ലം തേനി ദേശീയപാതയും ഒന്നായി കടന്നുപോകുന്ന റോഡിന് ഇരു സൈഡിലുമാണ് യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കാടു കയറിയിരിക്കുന്നത്. കൂടാതെ പഞ്ചായത്ത് റോഡിൽനിന്നും കനാൽ റോഡിൽനിന്നും പ്രധാന റോഡിലേക്കെത്തുന്ന വളവോടുകൂടിയ മേഖലകൂടിയാണ്. വെട്ടിയാർ വില്ലേജ് ഓഫീസിനോടു ചേർന്ന് റോഡിനു കുറുകേ അമ്പതടി താഴത്തുകൂടിയാണ് പിഐപി ജലസേചന ടണൽ പോകുന്നത്.
35 മീറ്റർ ദൂരം റോഡിന് ഇരുവശവും അഗാധമായ കൊക്കയാണ്. റോഡിന്റെ വശങ്ങളിൽ സംരക്ഷണവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനെ മറയ്ക്കുന്ന തരത്തിൽ കാടുകയറിക്കിടക്കുകയാണ്. കൂടാതെ അപകടമേഖലയുമാണ്. രാത്രിയിൽ വഴിവിളക്കുകൾ കത്തുന്നില്ലന്ന പരാതിയും ശക്തമാണ്.
പിഐപി വക ഉയർന്നുനിൽക്കുന്ന സ്ഥലത്തിന്റെ തിട്ടകൾ ഇടിഞ്ഞുവീഴാൻ തുടങ്ങിയതോടെ സമീപത്ത് താമസിക്കുന്ന ജനങ്ങളും ഭീതിയിലാണ്. സംരക്ഷണഭിത്തി നിർമിച്ചാൽ മാത്രമേ തിട്ട ഇടിയുന്നത് തടയാൻ കഴിയു. തിട്ട ഇടിഞ്ഞുവീഴുന്നത് സമീപത്തെ നിരവധി വീടുകൾക്ക് ഭീഷണിയാണ്. വീടുകൾക്ക് സമീപത്തുനിന്നും അമ്പതടിയോളം താഴ്ചയിലാണ് ജലസേചന ടണൽ കടന്നുപോകുന്നത്. കാടുകൾ വെട്ടിത്തെളിക്കണമെന്നും തെരുവുവിളക്കുകൾ കത്തിക്കണമെന്നും തിട്ടകൾ ഇടിഞ്ഞു വീഴുന്നത് തടയാൻ സംരക്ഷണഭിത്തി നിർമിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Tags :