കക്ക പുനർജീവന പദ്ധതിയുടെ വിളവെടുപ്പ് ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
പൂച്ചാക്കൽ: വേമ്പനാട്ടുകായലിലെയും അനുബന്ധ ജലാശയങ്ങളിലെയും കക്കസമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി. അമിത ചൂഷണവും കാലാവസ്ഥാ വ്യതിയാനവും മൂലം കക്കയുടെ ലഭ്യത കുറഞ്ഞത് പരമ്പരാഗത കക്കവാരൽ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരുന്നു.
കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) സങ്കേതിക സഹായത്തോടെ തൈക്കാട്ടുശേരിയിലെ കറുത്ത കക്ക സഹകരണ സംഘത്തിന്റെ സഹായത്തിൽ ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലെ വടക്കുംകരയിൽ നടപ്പാക്കിയ കക്ക പുനർജീവന പദ്ധതിയുടെ വിളവെടുപ്പ് നടന്നു. ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. പി.കെ. ബിജു, ഡോ. വിദ്യ ആർ., കെ. ബിനീഷ്, പി.ആർ. ഹരിക്കുട്ടൻ, പി.പി. രജിത, ഡോ. രമ മധു എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയിലെ കക്കസമ്പത്തിന്റെ 80 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് വേമ്പനാട്ടുകായലിലെ കറുത്ത കക്കയാണ്. ഏകദേശം ആറായിരത്തോളം കുടുംബങ്ങളും അനുബന്ധ തൊഴിലാളികളും കക്ക സമ്പത്തിനെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്.
പദ്ധതിയുടെ ഭാഗമായി കക്കക്കുഞ്ഞുങ്ങളെ തെരഞ്ഞെടുത്ത സുരക്ഷിത കായൽ മേഖലകളിൽ നിക്ഷേപിച്ച് വളർത്തിയെടുക്കും. വളർച്ചയെത്താത്ത കക്കാക്കുഞ്ഞുങ്ങളെ വളർച്ചയ്ക്ക് അനുയോജ്യമായ സ്വാഭാവിക സംരക്ഷിത മേഖലകളിൽ നിക്ഷേപിക്കും. കക്കക്കുഞ്ഞുങ്ങൾ പൂർണവളർച്ച എത്തുന്നതുവരെ ഈ മേഖലയിൽ വാരൽ പൂർണമായി വിലക്കും.
പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുമ്പാണ് കക്കാക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. വടക്കുംകരയിൽ ഒരു ഹെക്ടർ വിസ്തൃതിയിൽ അഞ്ചു ടൺ കക്കാക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി നടത്തുന്ന വിളവെടുപ്പ് പൂർത്തിയാകുമ്പോൾ 40 ടണ്ണോളം കക്ക ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി വിജയിക്കുന്നതോടെ തൊഴിലാളികളുടെ വരുമാനം വർധിക്കുന്നതിനൊപ്പം കായലിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ വീണ്ടെടുക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
Tags : NattuVishesham DistrictNews