പാലക്കാട്: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിനായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി നിര്‍ദേശം സമര്‍പ്പിക്കുമ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടേയും ഉന്നമനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നു പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ മന്ത്രി കെ.എ. തുളസി.
പിഎം അജയ് (പ്രധാന്‍മന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന) പദ്ധതിയുടെ 2026- 27 വര്‍ഷത്തേക്കുള്ള കര്‍മപദ്ധതി അംഗീകരിക്കുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ ജില്ലാതല കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആറുപദ്ധതികള്ക്ക് സമിതിയുടെ അംഗീകാരം ലഭിച്ചു.
ക്ഷീരവികസന വകുപ്പിന്റെ ഡയറി യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ഇന്‍ഷ്വറന്‍സ് പരിരക്ഷ, പരിശീലനം എന്നിവ ഉള്‍പ്പെടുന്ന 80.70 ലക്ഷം രൂപയുടെ പദ്ധതി, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കൊല്ലങ്കോട് കൈത്തറി സഹകരണ സംഘത്തിന് മൂലധന ഗ്രാന്‍ഡിനായി 20 ലക്ഷം രൂപയുടെ പദ്ധതി, അസാപ്പിന്റെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കായി 32.85 ലക്ഷം രൂപയുടെ പദ്ധതി, ജില്ലാ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ മണ്ണാന്‍ സമുദായത്തില്‍പ്പെട്ട അലക്കുതൊഴിലാളി കുടുംബങ്ങള്‍ക്ക് 2.40 ലക്ഷം രൂപയുടെ തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതി, തൃത്താല ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിനായി മൂന്നുകോടി രൂപ, അഞ്ചുലക്ഷം രൂപയുടെ വോളിബോള്‍ കോര്‍ട്ട് നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് അംഗീകരിച്ചത്.
ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. സരിത അധ്യക്ഷയായി. പി.പി. സുമോദ് എംഎല്‍എ, എഡിഎം കെ. സുനില്‍കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham Local news welfare of Scheduled Caste women and children