നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനു സമീപം കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റിനു താഴെയിരുന്ന് മത്സ്യവില്പന നടത്തുന്ന തൊഴിലാളികള്‍.
നീലേശ്വരം: നഗരവികസനത്തിനും ദേശീയപാതാ വികസനത്തിനും പുതിയ പദ്ധതികള്‍ വന്നപ്പോള്‍ ഏറ്റവുമധികം നഷ്ടം സഹിക്കേണ്ടിവന്ന വിഭാഗങ്ങളിലൊന്നാണ് നീലേശ്വരത്തെ മത്സ്യവില്പന തൊഴിലാളികള്‍. ബസാറില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചിരുന്ന മത്സ്യവില്പനകേന്ദ്രം നഗരസഭയുടെ പുതിയ ഓഫീസ് വന്നപ്പോള്‍ സൗന്ദര്യവത്കരണത്തിന്റെ പേരില്‍ അവിടെനിന്ന് മാറ്റേണ്ടിവന്നു. കോട്ടപ്പുറം റോഡ് ജംഗ്ഷനിലും ദേശീയപാതയുടെ മറുവശത്തുമായി പ്രവര്‍ത്തിച്ചിരുന്ന വില്പനകേന്ദ്രങ്ങള് ദേശീയപാത വികസനത്തിന്റെ പേരിലും മാറ്റി. തിരക്കേറിയ നഗരത്തില്‍ ഇപ്പോള്‍ മത്സ്യവില്പനയ്ക്ക് കൃത്യമായി ഒരു സ്ഥലം കണ്ടെത്താനാകാത്ത നിലയാണ്. ദേശീയപാതയുടെ പണി കഴിയുന്നതോടെ സൗകര്യപ്രദമായ സ്ഥിരം സംവിധാനം ഒരുക്കിത്തരാമെന്നാണ് ഇപ്പോള്‍ നഗരസഭ അധികൃതരുടെ വാഗ്ദാനം.
മാര്‍ക്കറ്റ് ജംഗ്ഷനില്‍നിന്ന് അല്പം തെക്കോട്ടു മാറിയുള്ള സ്ഥലത്താണ് ഇപ്പോള്‍ നഗരസഭ താത്കാലിക മത്സ്യമാര്‍ക്കറ്റിനായി ഇടം കണ്ടെത്തി നല്‍കിയിരിക്കുന്നത്. ഇവിടെ പൊരിവെയിലത്തിരിക്കേണ്ടിവന്ന മത്സ്യവില്പന തൊഴിലാളികളുടെ അവസ്ഥ കണ്ട് ധീവരസഭ ഇടപെട്ട് മുള കൊണ്ടുള്ള പന്തലും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേല്ക്കൂരയുമൊരുക്കി നല്കി. കഴിഞ്ഞ ജുലൈയില്‍ മഴ കനത്ത സമയത്ത് ഷീറ്റിനു മുകളില്‍ വെള്ളംകെട്ടിനിന്ന് അത് കീറിപ്പറിഞ്ഞുവീണു. വീണ്ടും എങ്ങനെയൊക്കെയോ വലിച്ചുകെട്ടിയ ഷീറ്റിനു കീഴിലിരുന്നാണ് ഇപ്പോള്‍ തൊഴിലാളികള്‍ മീന്‍ വില്പന നടത്തുന്നത്.
ദേശീയപാത പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഗതാഗതക്കുരുക്കിനിടയില്‍ ഇവിടേക്ക് തേടിപ്പിടിച്ചുവന്ന് മീന്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി തൊഴിലാളികള്‍ പറയുന്നു. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത ഈ സ്ഥലത്തിരുന്ന് വില്പന നടത്താനെത്തുന്ന തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. പലരും കൂടുതല്‍ വില്പന കിട്ടുന്ന മറ്റു സ്ഥലങ്ങള്‍ തേടിപ്പോയി.
ദേശീയപാത നിര്‍മാണവും രാജാ റോഡ് നവീകരണവുമെല്ലാം തീരാന്‍ കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് കുറഞ്ഞ സൗകര്യങ്ങളെങ്കിലുമുള്ള ഒരു സ്ഥലം മത്സ്യവില്പനയ്ക്കായി ഒരുക്കിത്തരണമെന്നാണ് തൊഴിലാളികള്‍ നഗരസഭ അധികൃതരോട് ആവശ്യപ്പെടുന്നത്.
പുതിയ മത്സ്യമാർക്കറ്റിന് സ്ഥലപരിശോധന നടത്തി
മാർക്കറ്റ് ജംഗ്ഷിനു സമീപം ദേശീയപാതയോരത്ത് ആധുനിക സൗകര്യങ്ങളുള്ള പുതിയ മത്സ്യ മാർക്കറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന തീരദേശ വികസന കോർപറേഷൻ അധികൃതർ സ്ഥലപരിശോധന നടത്തി. ദേശീയപാതയോരത്ത് നഗരസഭയുടെ പഴയ കല്യാണമണ്ഡപം നിലനിന്നിരുന്ന സ്ഥലമാണ് പുതിയ മത്സ്യ മാർക്കറ്റ് നിർമിക്കുന്നതിനായി നഗരസഭ നിർദേശിച്ചിട്ടുള്ളത്. ഇതിനായി നഗരസഭ എൻജിനിയറിംഗ് വിഭാഗം 1.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
പദ്ധതിക്ക് സംസ്ഥാന സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നഭ്യർത്ഥിച്ച് നഗരസഭ ചെയർപേഴ്സൺ പി.പി. മുഹമ്മദ് റാഫി സന്ദീപ് വാര്യർ എംഎൽഎയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയുടെ നിർദേശപ്രകാരം തീരദേശ വികസന കോർപറേഷൻ ഉദ്യോഗസ്ഥർ സ്ഥല പരിശോധനയ്ക്കെത്തിയത്.
നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷരായ ഇ ചന്ദ്രമതി, എ.വി. സുരേന്ദ്രൻ, കൗൺസിലർമാരായ സതി ഭരതൻ, പി.വി. സതീശൻ, ഇ. ഷജീർ, പ്രദീപ് ഇട്ടപ്പുറം, ടി.പി. ബീന, തീരദേശ വികസന കോർപറേഷൻ അസി. എക്സിക്യുട്ടിവ് എൻജിനിയർ എൻ. വിനയൻ, അസി. എൻജിനിയർ എസ്.ശരണ്യ, ഓവർസിയർ പി.പി. അക്ഷയ് കുമാർ, നഗരസഭ അസി. എൻജിനിയർ പി.വി. വിനോദ് എന്നിവർ സംബന്ധിച്ചു.
Tags : NattuVishesham.DistricteNews