വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സാ പിഴവ് ആരോപിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്.
വണ്ടൂര്‍: വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചെന്നാരോപിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് കൂരിക്കുണ്ട് ബൈപ്പാസ് ജംഗ്ഷന് സമീപം പൊലിസ് തടഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ നടത്തുന്ന രണ്ടാമത്തെ ജനകീയ മാര്‍ച്ചാണിത്. എറിയാട് കണ്ടമംഗലം പുതിയത്ത് ദില്‍ഷാദിന്റെ ഭാര്യ ഷബ്നയാണ് മരിച്ചത്.
ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ആരോപണം. കഴിഞ്ഞ മാസം മൂന്നിനാണ് ആശുപത്രിയില്‍ ഷബ്നയുടെ പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാല്‍ കോഴിക്കോട് തീവ്രപരിചരണത്തില്‍ ചികിത്സയിലിരിക്കെയാണ് ഷബ്ന മരിച്ചത്.ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
പ്രതിഷേധ മാര്‍ച്ചില്‍ നിരവധി പേര് പങ്കെടുത്തു. തിരുവാലി ഗ്രാമപഞ്ചായത്ത് മുന്‍ വാര്‍ഡംഗം സജീസ് അല്ലേക്കാടന്‍, തിരുവാലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എ. ഇബ്നു ഖദീര്‍, കെ.ടി. ഷമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :