അന്തർസംസ്ഥാന പാതയിലെ മൈലമൂട് ജംഗ്ഷന് സമീപം അപകടത്തിൽപ്പെട്ട വാഹനങ്ങൾ.
കുളത്തൂപ്പുഴ: തിരുവനന്തപുരം-തെങ്കാശി അന്തർ സംസ്ഥാന മലയോര പാതയിൽ മൈലമൂട് ജംഗ്ഷന് സമീപം പിക്കപ്പുകൾ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്.
തെങ്കാശി സ്വദേശി അന്തോണി ,ചീപോക്ക്, അസം സ്വദേശികളായ സലീം, ജാവറൂല് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുളത്തൂപ്പുഴ മലയോരഹൈവേയിലൂടെ സിമന്റ് കട്ടകളുമായി എത്തിയ പിക്കപ് മൈലമൂട് അപ്പൂപ്പന്‍കാവ് ക്ഷേത്രത്തിന് എതിര്‍വശത്തുകൂടി മൈലമൂട് ബൗണ്ടറി ഭാഗത്തേക്കുളള ഇടറോഡിലേക്ക് തിരിയവെ തമിഴ്നാട്ടിൽനിന്ന് പച്ചക്കറിയുമായിവന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മുൻവശം തകർന്ന പച്ചക്കറി വാഹനത്തിന്റെ ഡ്രൈവര്‍ അന്തോണി വാഹനത്തില്‍ കുടുങ്ങി.
ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ നാട്ടുകാർ പുറത്തെടുത്തത്.
സിമന്റ് കട്ടകളുമായി എത്തിയ വാഹനത്തിലെ കയറ്റിറക്ക് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളികളാണ് പരിക്കേറ്റ മറ്റുള്ളവർ.
പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയ്ക്കലിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത് കുളത്തൂപ്പുഴ പൊലിസും സ്ഥലത്തെത്തി. മേൽ നടപടികൾ സ്വീകരിച്ചു.
Tags :