അധ്യാപക ട്രാൻസ്ഫറിന് പാലിക്കേണ്ട സീനിയോറിറ്റി അട്ടിമറിച്ചെന്നാരോപിച്ച് കെഎസ്ടിഎ കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫിസ് ഉപരോധിച്ചപ്പോൾ.
കൊല്ലം: ജില്ലയ്ക്കുള്ളിലെ അധ്യാപക ട്രാൻസ്ഫറിന് പാലിക്കേണ്ട സീനിയോറിറ്റി മറികടന്ന് ജില്ലമാറി വരുന്ന ജൂനിയർ ടീച്ചർക്ക് സൗകര്യപ്രദമായി ട്രാൻസ്ഫർ നൽകുകയും ജില്ലയിൽ 10 വർഷത്തിലധികം സർവീസുള്ള അധ്യാപികയുടെ ട്രാൻസ്ഫർ നിഷേധിക്കുകയും ചെയ്ത കൊല്ലം ഡിഡിഇയുടെ പ്രൊവിഷണൽ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫിസ് ഉപരോധിച്ചു. ചില ഭരണപക്ഷസംഘടനകളുടെ ആജ്ഞാനുവർത്തിയായി നിന്നുകൊണ്ട് ട്രാൻസ്ഫർ അഴിമതിക്ക് ഡിഡിഇ കൂട്ടുനിൽക്കുന്ന രീതി ജില്ലയിൽ ആവർത്തിക്കുകയാണെന്ന് ഉപരോധക്കാർ കുറ്റപ്പെടുത്തി. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി ഡിഡി ഇ ഓഫിസ് മാറുകയാണെന്നും സമരക്കാർ ആരോപിച്ചു.
ഉപരോധത്തിന് നേതൃത്വം കൊടുത്ത സംസ്ഥാന സെക്രട്ടറി എസ്. സബിത, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി.കെ. ഹരികുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.ബി. ശൈലേഷ് കുമാർ, എം.എസ്. ഷിബു, ജെ. ശശികല , ജില്ല സെക്രട്ടറി എസ്. സന്തോഷ് കുമാർ പ്രസിഡന്റ് വി.കെ. ആദർശ്, ട്രഷറർ വി.എസ്. ബൈസൽ ജില്ലാ ഭാരവാഹികളായ എം. മനേഷ്, ഡി. ഡിക്സൺ, എൽ.എസ്. ജയകുമാർ, സി.ഇ. ഷൈലജ, ജില്ല എക്സിക്യൂട്ടീവ് അംഗം എസ്. സിന്ധു എന്നിവരെ പൊലി സ് അറസ്റ്റ് ചെയ്തു നീക്കി.
ഡിഡിഇയുടെ അന്യായ ഉത്തരവിലും പൊലിസ് നടപടിയിലും പ്രതിഷേധിച്ച് അധ്യാപകർ പൊലിസ് സ്റ്റേഷനിലേക്കും ജില്ല വിദ്യാഭ്യാസ ഓഫിസിലേക്കും മാർച്ചു നടത്തി. ഭാരവാഹികളായ രാജീവ് ചന്ദ്രൻ, ബാലചന്ദ്രൻ എന്നിവർ മാർച്ചിനു നേതൃത്വം നൽകി. എഫ്എസ്ഇറ്റിഒ ജില്ലാ സെക്രട്ടറി ബി.സുജിത്ത് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി ഫിലിപ്പ് എന്നിവർ മാർച്ചിലും ധർണയിലും പങ്കെടുത്തു. ഉപജില്ല ജില്ലാതല പ്രക്ഷോഭങ്ങൾ നാളെയും തുടരാനാണ് സംഘടനയുടെ തീരുമാനം. നാളെ എല്ലാ യൂണിറ്റിലും പ്രതിഷേധ ദിനമാചരിക്കും. ഉപജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗവും ബുധനാഴ്ച ഡിഡി ഇ ഓഫിസിലേക്ക് മാർച്ചും സംഘടിപ്പിക്കും.
Tags :