കാടുമൂടിക്കിടക്കുന്ന മുതുകുറിശി പിച്ചളമുണ്ട പാലംവഴി പുളിഞ്ചോട്ടിലേക്കു പോകുന്ന വഴി.
കല്ലടിക്കോട്: മുതുകുറിശി പിച്ചളമുണ്ട റേഷൻകടയുടെ എതിർവശത്തുള്ള കനാൽ പാലംവഴി പുളിഞ്ചോട് പോകുന്ന വണ്ടിവഴി റോഡ് കാടുമുടി. ഇതുവഴിയുള്ള റോഡിൽ ചെളി മൂടിയതോടെ വാഹനങ്ങൾക്കും പോകാൻ പറ്റാത്ത അവസ്ഥയിലായി. പാമ്പുശല്യവും വന്യജീവി ശല്യവും നേരിടുന്ന ഈ പ്രദേശത്ത് നിരവധി വീടുകളാണുള്ളത്. ഇവരുടെ പ്രധാന ഗതാഗതമാർഗമാണ് വണ്ടിവഴി റോഡ്.
വഴിവിളക്കു പോലുമില്ലാത്ത ഈ റോഡ് ആരും ശ്രദ്ധിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
കാടുകൾ വെട്ടി റോഡിൽ ചെളിനിറഞ്ഞ ഭാഗത്ത് താത്കാലികമായി ക്വാറിവേസ്റ്റിട്ടെങ്കിലും ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം. കാൽനടയ്ക്കു മാത്രമായാണ് പലരുമിപ്പോൾ റോഡ് ഉപയോഗിക്കുന്നത്. എത്രയും പെട്ടെന്ന് കാടുകൾ വെട്ടിത്തെളിച്ച് ആംബുലൻസെങ്കിലും കടന്നു വരാവുന്ന തരത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags :