കൂരാച്ചുണ്ട് പഞ്ചായത്തിൽ ഇഎസ്എ വിഷയത്തിൽ ചേർന്ന അടിയന്തര ഭരണസമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ പ്രസംഗിക്കുന്നു.
കൂരാച്ചുണ്ട്: ഇഎസ്എ പരിധിയിൽനിന്നും ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്തിൽ ചേർന്ന അടിയന്തര ഭരണസമിതി യോഗത്തിൽ പാസാക്കിയ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇഎസ്എ പരിധി വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണം, കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിച്ച് ജനങ്ങളുടെ ആശങ്കകൾ അകറ്റുക, പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രദേശവാസികളുടെയും അഭിപ്രായങ്ങൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിന്റെ തുടർനടപടികളുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാല്, അഞ്ച് തിയതികളില്‍ മുഴുവൻ വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർക്കും. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബിജു കടലാശേരി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരയ്ക്കൽ, ഡാർളി ഏബ്രാഹം പുല്ലംകുന്നേൽ, ചെറിയാൻ ജോസഫ് അറയ്ക്കൽ, മെംബർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, എൻ.കെ. കുഞ്ഞമ്മദ്, എൻ.ജെ ആൻസമ്മ , പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത് എന്നിവർ പങ്കെടുത്തു.