മഞ്ചേരി ഗവ. ബോയ്സ് സ്കൂള്‍ കെട്ടിട നവീകരണം നഗരസഭാധ്യക്ഷന്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്യുന്നു.
മഞ്ചേരി: 1849ല്‍ സ്ഥാപിതമായ മഞ്ചേരി ഗവണ്‍മെന്റ്് ബോയ്സ് സ്കൂളിലെ പഴയ കെട്ടിടം പൈതൃക തനിമ നിലനിര്‍ത്തി നവീകരിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് നിര്‍വഹിച്ചു. നഗരസഭയുടെ തനത് ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്തെ നിര്‍മാണ വൈദഗ്ധ്യം വിളിച്ചോതുന്നതും വിദ്യാലയത്തിന്റെ മുഖമുദ്രയുമായ കെട്ടിടത്തിന്റെ പഴമയും തനിമയും സംരക്ഷിച്ചുകൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കാലപ്പഴക്കം ചെന്ന കഴുക്കോലുകള്‍ മാറ്റി പുതിയവ സ്ഥാപിച്ച് മേല്‍ക്കൂരയില്‍ പുതിയ ഓടുകള്‍ പാകി. തറയില്‍ ടൈലുകള്‍ പതിക്കുകയും ക്ലാസ് മുറികള്‍ സുരക്ഷിതമാക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പൈതൃകഭംഗി നിലനിര്‍ത്തുന്നതിനായി പഴയ ചുമരുകള്‍ അതേപടി സംരക്ഷിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്.
എച്ച്എം റൂം, സ്റ്റാഫ് റൂം എന്നിവയുടെ ആധുനികവത്കരണവും പുതിയ ടോയ്ലറ്റ് സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മഞ്ചേരിയുടെ സാമൂഹിക-ചരിത്രപരമായ പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതാണ് സ്കൂള്‍ അങ്കണത്തിലെ കൈലാസം എന്ന അഷ്ടമുഖക്കെട്ടിടവും എന്‍സണ്‍ വൈസിന്റെ ശവകുടീരവും.
സംസ്ഥാനതലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം ലഭിച്ച വിദ്യാലയം എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഫലങ്ങള്‍ക്കൊപ്പം കലാ-കായിക-ശാസ്ത്രമത്സരങ്ങളിലെ മികവും എന്‍സിസി, എസ്പിസി, ജെആര്‍സി, അടല്‍ ടിങ്കറിംഗ് ലാബ് എന്നീ മേഖലകളിലും മികച്ച നേട്ടം കൈവരിക്കുന്നു.
പിടിഎ പ്രസിഡന്റ് കെ. ജവഹര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി. സിന്ധു, നഗരസഭാ വൈസ് പ്രസിഡന്റ്് അഡ്വ ബീന ജോസഫ്, വാര്‍ഡ് മെമ്പര്‍ വി.പി. രാധാകൃഷ്ണന്, പ്രിന്‍സിപ്പല്‍ കൃഷ്ണരാജ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, നഗരസഭാ കൗണ്‍സിലര്‍മാര്‍, പിടിഎ, എസ്എംസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
Tags : District News Nattuvishesham Manjeri Govt. Boys' School