കാളമുറി: കയ്പമംഗലം ചളിങ്ങാട് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിന്റെ ശോചനീയാവസ്ഥയ്ക്കും പൊടിശല്യത്തിനും പരിഹാരമായില്ല.
നാട്ടുകാർ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി വാട്ടർ അഥോറിറ്റി റോഡ് പൊളിച്ചിട്ടതുമൂലം മാസങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടും പരിഹാരം കാണാത്ത അധികൃതരുടെ അലംഭാവത്തിനുമെതിരേയാണ് ചളിങ്ങാട് പള്ളിവളവിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രതിഷേധത്തിന് ഐക്യദാർഢ്യംപ്രകടിപ്പിച്ച് പ്രദേശത്തെ വ്യാപാരികൾ കടകൾ അടച്ചിട്ടു. പ്രതിഷേധ കൂട്ടായ്മക്ക് അനസ് അബൂബക്കർ അധ്യക്ഷതവഹിച്ചു.
വിവിധ രാഷ്ട്രീയകക്ഷികളെ പ്രതിനിധീകരിച്ചു സി.ജെ. പോൾസൻ, പി.എ. അബൂബക്കർ, ഇ.ആർ. ജോഷി, ടി.കെ. സൈതുമുഹമ്മദ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് പി.എം. അബ്ബാസ്, വി.കെ. ഉല്ലാസ്, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, ജനപ്രതിനിധികളായ ഫാത്തിമ അനസ്, പ്രജീന റഫീക്ക്, പി.എം. സൈനുദ്ദീൻ, അൻസാ മോൾ, മണി ഉല്ലാസ് എന്നിവർ സംസാരിച്ചു.
ഉദ്യോഗസ്ഥരുമായും കരാറുകാരനുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച റോഡിന്റെ പണി തുടങ്ങുമെന്ന് ഇ.ടി. ടൈസൺ എംഎൽഎ പ്രതിഷേധകൂട്ടായ്മയിൽ അറിയിച്ചു.
Tags : nattu vishesham Road condition protest rally