തകർന്ന് തരിപ്പണമായ തലക്കോട്-ഗ്രീൻവാലി റോഡ്.
ചോറ്റാനിക്കര: ടാറിട്ട റോഡാണെങ്കിലും ഇപ്പോൾ അല്പം പോലും ടാർ അവശേഷിക്കാത്ത വിധം കുഴിയും കുണ്ടും മണ്ണും നിറഞ്ഞ സ്വാഭാവിക ഓഫ് റോഡ് ട്രാക്കിനെ ഓർമപ്പെടുത്തി ചോറ്റാനിക്കര പഞ്ചായത്തിലെ റോഡുകൾ. പഞ്ചായത്തിലെ എട്ട്, ഒന്പത് വാർഡുകളിലായുള്ള തലക്കോട് -ഗ്രീൻവാലി റോഡും ഒഇഎൻ ഗ്ലോബൽ-കിടങ്ങയം റോഡുമാണ് കുണ്ടും കുഴിയും നിറഞ്ഞ് തകർന്ന് തരിപ്പണമായിക്കിടക്കുന്നത്.
ഇതിൽ തലക്കോട്-ഗ്രീൻവാലി റോഡ് രണ്ട് വർഷത്തിലേറെയായി തകർന്നു കിടക്കുകയാണ്. ഇവിടെ മഴക്കാലത്ത് കുഴികളിൽ ചെളിയും വെള്ളവും, വേനലിൽ പൊടിയുമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഇരുചക്രവാഹന യാത്രക്കാർ വീഴുന്നതും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ഒഇഎൻ ഗ്ലോബൽ- കിടങ്ങയം പിഡബ്ല്യുഡി റോഡ് ജലജീവൻ മിഷന്റെ ഭാഗമായി പൈപ്പ് സ്ഥാപിക്കാനായാണ് പൊളിച്ചത്. ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും റോഡ് പഴയ നിലയിലായില്ല.
കെഎസ്ഇബിയുടെ ഭൂഗർഭ വൈദ്യുതി കേബിൾ, പൈപ്പിടുന്നതിന് തടസമായതോടെ കുടിവെള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
അതിനാൽ തന്നെ പ്രദേശത്ത് വെള്ളവുമെത്തിയില്ല, പൈപ്പിനായി പൊളിച്ച റോഡും പഴയ നിലയിലായില്ല. റോഡുകളുടെ പുനരുദ്ധാരണം നീളുന്നതിനാൽ ജനങ്ങളുടെ ദുരവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഓഫ് റോഡ് ബൈക്ക് റാലി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
Tags : NattuVishesham DistrictNews