1. ജെറ്റ്ലി 2. രാജ
എനാത്ത്: ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും തുടർന്ന് അടുത്ത മോഷണങ്ങൾക്കായി എത്തിയ സംഘത്തെ പോലീസ് അതിവിദഗ്ധമായി വലയിലാക്കി.
തമിഴ്നാട് തേനിമാതാകോവിൽ സ്ട്രീറ്റ് സ്വദേശി ജെറ്റ്ലി (30), തമിഴ്നാട് കമ്പം സ്വദേശി രാജ (57) എന്നിവരെയാണ് ഏനാത്ത് പോലീസ് പിടികൂടിയത്. മോഷണങ്ങളുടെ സൂത്രധാരനായ മറ്റൊരാളെക്കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ മേയ് 31ന് രാത്രി വയലാ ഏറത്ത് ഒരു വീടിന്റെ കതക് പൊളിച്ച് അകത്തുകയറി 15 ഗ്രാം സ്വർണവും 60,000 രൂപയും മോഷ്ടാക്കൾ കവർന്നിരുന്നു. ഈ സംഭവത്തിലേക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കഴിഞ്ഞ ആറിനു രാത്രി ഏനാത്ത് നെടുമൺ അഴകത്ത്പ്പടിയിൽ ആൾത്താമസമില്ലാത്ത വീടിന്റെ പിൻവാതിൽ തകർത്ത് അകത്തു കയറുകയും സിസിടിവി കാമറയുടെ ഡിവിആർ മോഷ്ടിക്കുകയും ചെയ്തത്.
ഈ വീട്ടിൽ സ്വർണമോ പണമോ ഒന്നും സൂക്ഷിച്ചിരുന്നില്ല. ഇത് മോഷ്ടാക്കളെ നിരാശരാക്കി. അരിശം പൂണ്ട സംഘം വീടിന്റെ മുൻവാതിൽ നശിപ്പിക്കുകയും മുറ്റത്ത് കിടന്ന ഥാർ ജീപ്പിന് വലിയ കേടുപാടുകൾ വരുത്തുകയും ചെയ്തു. ഈ സംഭവത്തിലും ഏനാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. പോലീസ് വ്യാഴാഴ്ച പുലർച്ചെ 2.30ന് കുറുമ്പകര, തിരുമങ്ങാട് എന്ന സ്ഥലത്തുനിന്ന് ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു.
ഏനാത്ത് പോലീസ് ഇൻസ്പെക്ടർ കെ. ഷിജി, എസ്ഐ വിഷ്ണുരാജ് , എസ് സിപിഒ സുനിൽ, സിപിഒമാരായ അനൂപ്, ഷഹീർ, കൃഷ്ണകുമാർ, നബിൽഷ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.