കോട്ടക്കൽ സേക്രട്ട് ഹാർട്ട് സ്കൂൾ ടീം.
പുഴക്കാട്ടിരി: ദൃശ്യവിസ്മയം തീർത്ത് മലപ്പുറം സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിന് പുഴക്കാട്ടിരി പിഇഎസ് ഗ്ലോബൽ സ്കൂളിൽ തിരശീല വീണു. ജില്ലയിലെ സഹോദയ അംഗങ്ങളായ 62 സിബിഎസ്ഇ വിദ്യാലയങ്ങളിലെ 1750 ൽപരം വിദ്യാർഥികൾ ഇനങ്ങളിൽ മാറ്റുരച്ച കലോത്സവത്തിൽ കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ 942 പോയിന്റുമായി ഓവറോൾ ചാന്പ്യൻമാരായി.
കുറ്റിപ്പുറം എംഇഎസ് കാന്പസ് സ്കൂൾ 923 പോയിന്റുമായി രണ്ടാംസ്ഥാനത്തും തിരൂർ ബെഞ്ച്മാർക്ക് സ്കൂൾ 760 പോയിന്റുമായി മൂന്നാംസ്ഥാനത്തുമായി.
സമാപന സമ്മേളനത്തിൽ സഹോദയ കോണ്ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോജി പോൾ ട്രോഫി സമ്മാനിച്ചു. സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. പിഇഎസ് ഗ്ലോബൽ സ്കൂൾ ചെയർമാൻ പി. നാരായണൻ വ്യക്തിഗത ചാന്പ്യൻമാർക്ക് സമ്മാനങ്ങൾ നൽകി.
സ്കൂൾ വൈസ് ചെയർമാൻ പി. അജയ്, ഡയറക്ടർ ഡോ. വി.എ. അജയ്, മേളയുടെ ജനറൽ കണ്വീനറും പിഇഎസ് ഗ്ലോബൽ സ്കൂൾ പ്രിൻസിപ്പലുമായ വിനീത വി. നായർ, സഹോദയ ഭാരവാഹികളായ എം. ജൗഹർ, പി. ഹരിദാസ്, ജോബിൻ സെബാസ്റ്റ്യൻ, ഫാ.നന്നം പ്രേംകുമാർ, ഡോ.സി.കെ.എം. ശിബിലി, പി. നിസാർഖാൻ, ഐ.വി. രതി എന്നിവർ പ്രസംഗിച്ചു.
കോൽക്കളിയിൽ നാലാമതും സേക്രഡ് ഹാർട്ട് സ്കൂൾ
പുഴക്കാട്ടിരി: ജില്ലാ സഹോദയ കലോത്സവത്തിൽ കോൽക്കളി മത്സരത്തിൽ തുടർച്ചയായി നാലാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടക്കൽ സേക്രട്ട് ഹാർട്ട് സ്കൂൾ ടീം കോൽക്കളിയിൽ വിജയക്കുതിപ്പ് തുടരുന്നു.
കോലടക്കം കൊണ്ടും മെയ്വഴക്കം കൊണ്ടും ഇന്പമാർന്ന മാപ്പിളപ്പാട്ടിന്റെ ഈരടികൾ കൊണ്ടും കാണികളെയും വിധികർത്താക്കളെയും ഒന്നടങ്കം ആവേശത്തിലാഴ്ത്തിയായിരുന്നു ടീമിന്റെ ചുവടുകൾ. മൈലാഞ്ചിക്കളി, കത്തിരിപ്പൂട്ട്, തുടങ്ങി കോൽക്കളിയുടെ പാരന്പര്യം വിളിച്ചോതുന്ന തരത്തിലുള്ള ആകർഷണീയമായ ചുവടുകളാണ് ടീമിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.
കഴിഞ്ഞ വർഷങ്ങളിലും മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല കലോത്സവത്തിൽ പങ്കെടുത്തു. മികച്ച സംഘാടനവും താളപ്പൊരുത്തവും ചുവടുകളുടെ കൃത്യതയും ടീമിന്റെ വിജയത്തിന് മാറ്റുകൂട്ടി. മഹ്റൂഫ് കോട്ടക്കലാണ് ടീമിന്റെ പരിശീലകൻ. ഷംസദ് എടരിക്കോടിന്റേതാണ് വരികൾ. തുടർച്ചയായ നാലാം വിജയത്തോടെ സ്കൂളിന്റെ അഭിമാനമായ ടീം അംഗങ്ങളെ അധ്യാപകരും രക്ഷിതാക്കളും സ്കൂൾ അധികൃതരും അഭിനന്ദിച്ചു.
മൂന്നാം തവണയും കലാപ്രതിഭയായി ശ്രീഹരി
പുഴക്കാട്ടിരി: മലപ്പുറം സഹോദയ സിബിഎസ്ഇ ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും കലാപ്രതിഭയായി തിരൂർ ബെഞ്ച് മാർക്ക് ഇന്റർനാഷണൽ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി വി.ആർ. ശ്രീഹരി. ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും മലയാള പ്രസംഗം, മാപ്പിളപ്പാട്ട് എന്നിവയിൽ രണ്ടാം സ്ഥാനവും സംസ്കൃത കവിതാ പാരായണത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ശ്രീഹരി കലാപ്രതിഭാ പട്ടത്തിൽ ഹാട്രിക് നേടിയത്.
മേളയിലെ സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി പങ്കെടുത്ത ആറ് വ്യക്തിഗത ഇനങ്ങളിൽ 47 പോയിന്റ് നേടിയാണ് നേട്ടം കൈവരിച്ചത്. കോഴിക്കോട് എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു അധ്യാപകൻ രഞ്ജിത്ത് വി. കരുണിന്റെയും പൂക്കയിൽ ബസാർ പോസ്റ്റ് ഓഫിസിലെ സബ് പോസ്റ്റ്മാസ്റ്റർ ധന്യയുടെയും മകനാണ്. ബെഞ്ച് മാർക്ക് ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന സഹോദരൻ നിരഞ്ജൻ മലയാള കവിതാരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.