സ്കൂൾ പാചക തൊഴിലാളി യൂണിയൻ നടത്തിയ ഡിഡിഇ ഓഫീസ് മാർച്ച് എഐടിയുസി. ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ജില്ലയിലെ സ്കൂൾ പാചകത്തൊഴിലാളികളുടെ സെപ്റ്റംബർ മാസത്തെ ശമ്പളം ഒക്ടോബർ മാസം അവസാനിച്ചിട്ടും വിതരണം പൂർത്തിയാക്കാൻ കഴിയാത്തത് ചില ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ എഐടിയുസി ആരോപിച്ചു. ഒക്ടോബർ മാസം ആദ്യ ആഴ്ചയിൽതന്നെ ശന്പളം നൽകുന്നതിനുള്ള നിർദേശം ഡിഡിഇ ഓഫിസുകളിലും അവിടെനിന്ന് എഇഒ ഓഫീസുകളിലും എത്തിയിരുന്നുവെങ്കിലും എഇഒ ഓഫിസുകളിലെ ഉദ്യോഗസ്ഥരിൽ ചിലരുടെ അനാസ്ഥ കാരണം ശമ്പളവിതരണം പൂർത്തിയായിട്ടില്ല.
പതിനഞ്ചാം തീയതി മുതൽ പതിനെട്ടാം തീയതി വരെയുള്ള ദിവസങ്ങളിൽ ഏറ്റുമാനൂർ , കൊഴുവനാൽ, പാമ്പാടി എന്നീ മൂന്നു സബ് ജില്ലകളിൽ മാത്രമാണ് ശന്പളം വന്നത് മറ്റു ചില സ്ഥലങ്ങളിൽ ഒക്ടോബർ മാസം മുപ്പതാം തീയതിയോടുകൂടി മാത്രമാണ് ശമ്പളം എത്തിയത്. ഇനിയും രാമപുരം ,കുറവിലങ്ങാട് എന്നീ രണ്ടു സബ്ജില്ലകളിൽ ശമ്പളവിതരണത്തിന്റെ നടപടികൾ ഒന്നുംതന്നെ പൂർത്തീകരിച്ചിട്ടുമില്ല. ഇതോടെയാണ് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ എഐടിയുസി ഡിഡിഇ ഓഫിസിലേക്ക് മാർച്ച് നടത്തിയത് .
മാർച്ചിനുശേഷം നേതാക്കൾ ഓഫിസിലെ ശമ്പളവിതരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ നേരിൽക്കണ്ട് ചർച്ച നടത്തി. രണ്ടു സബ്ജില്ലയിൽ ശമ്പളവിതരണം മുടങ്ങിയത് ഉടൻ പരിഹരിക്കാമെന്നും ഇന്നുതന്നെ അതിനുള്ള നടപടികൾ ആരംഭിക്കാമെന്നും ലഭിച്ച ഉറപ്പിനു ശേഷം താത്കാലികമായി സമരം അവസാനിപ്പിച്ചു.
എഐടിയുസി ജില്ലാ കമ്മിറ്റി ഓഫിസിൽനിന്ന് ആരംഭിച്ച മാർച്ച് ഡഡിഇ ഓഫിസിൽ എത്തിച്ചേർന്നപ്പോൾ നടന്ന ധർണ എഐടിയുസി ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്തു . സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി. പ്രദീപ് അധ്യക്ഷത വഹിച്ചു.
Tags :