ഉണക്കുഭീഷണിയെ തുടർന്ന് കൈപ്പഞ്ചേരി മങ്ങാട്ടെ പാടശേഖരത്തിൽ മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളമടിക്കുന്നു.
നെന്മാറ: രണ്ടാംവിള നെൽകൃഷിക്കായി പോത്തുണ്ടി അണക്കെട്ടിൽനിന്നുള്ള ഇടതുകര കനാലിൽ ഇന്ന് വെള്ളം തുറക്കും. വലതുകര കനാലിൽ 20 ന് ജലവിതരണം ആരംഭിക്കും. ഇന്നു മുതൽ ഇടതുകര കനാലിൽ വെള്ളം തുറന്നുവിടുമെങ്കിലും ഒന്നാം ടേൺ പ്രകാരം അയിലൂർ ബ്രാഞ്ച് കനാലിലേക്കും തുടർന്ന് കൽച്ചാടി, കയറാടി ബ്രാഞ്ച് കനാലുകളിലേക്കുമാണ് വെള്ളം എത്തിക്കുക.
കഴിഞ്ഞ 11-ന് ജില്ലാ കളക്ടറുടെയും ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ഡാം ഉപദേശക സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് രണ്ടാംവിള ജലസേചനത്തിനായി ഇടതുകര കനാൽ തുറക്കുന്നത്. എന്നാൽ പോത്തുണ്ടി ജലസേചന പദ്ധതിയുടെ വിശദമായ ജലവിതരണ കലണ്ടർ ജലസേചന വകുപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.
മുൻവർഷങ്ങളിൽ ഏഴുദിവസംവീതം ഇരു കനാലുകളിലും വെള്ളം നൽകുകയും തുടർന്ന് അഞ്ചുദിവസം ഇടവേള അനുവദിക്കുകയും ചെയ്യുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. നിലവിലെ ജലലഭ്യത കണക്കിലെടുത്ത് കാര്യക്ഷമമായ ജലവിതരണക്രമം നടപ്പാക്കിയാൽ 40 ദിവസത്തേക്ക് ജലവിതരണം നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി അണക്കെട്ടിൽ നിലവിൽ 38.5 അടി വെള്ളമാണുള്ളത്. രണ്ടാംവിള ജലസേചനത്തിന് ആവശ്യമായ വെള്ളം കാര്യക്ഷമമായി വിനിയോഗിക്കേണ്ട സാഹചര്യമാണ് ഉള്ളത്. രണ്ടാംവിള ജലസേചനത്തിന് മുന്നോടിയായി പോത്തുണ്ടി ജലസേചന പദ്ധതിയുടെ കീഴിലുള്ള കനാലുകൾ, കാഡ കനാലുകൾ ഉൾപ്പെടെ വൃത്തിയാക്കുന്ന പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്.
അതേസമയം രണ്ടാംവിളയുടെ ഭൂരിഭാഗം പാടശേഖരങ്ങളിലും മൂപ്പുകുറഞ്ഞ വിത്തുകൾ ഉപയോഗിച്ചാണ് കർഷകർ ഞാറ്റടി തയ്യാറാക്കലും ചേറുവിതയും നടത്തിയത്. വേനൽമഴയ്ക്കും തുലാവർഷത്തിനും പുറമെ കനാൽവെള്ളം കൃത്യസമയത്ത് ലഭിച്ചാൽ മാത്രമേ ഇത്തവണ ഉണക്കുഭീഷണിയില്ലാതെ വിളവെടുക്കാൻ കഴിയൂവെന്നാണ് കർഷകരുടെ ശങ്ക.
ഞാറ്റടി തയാറാക്കിയ പാടങ്ങൾ വെള്ളമില്ല
പല പാടശേഖരങ്ങളിലും ഞാറ്റടി തയ്യാറാക്കിയെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ പറിച്ചുനടൽ പ്രതിസന്ധിയിലായി. ചുരുക്കം കർഷകർക്ക് മാത്രമാണ് മോട്ടോറും പമ്പും ഉപയോഗിച്ച് സ്വന്തമായി ജലസേചനം നടത്താൻ സൗകര്യമുള്ളത്.കൈപ്പഞ്ചേരി കർഷകനായ മുരളീധരന്റെ മങ്ങാട്ടെ പാടശേഖരത്തിൽ നെൽനടീൽ പൂർത്തിയായെങ്കിലും ഉണക്കുഭീഷണി ശക്തമായതോടെ മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം അടിച്ചുതുടങ്ങി. എന്നാൽ ഭൂരിഭാഗം കർഷകരും പോത്തുണ്ടി അണക്കെട്ടിലെ ജലവിതരണത്തെയും മഴയെയും ആശ്രയിച്ചാണ് രണ്ടാംവിള ഇറക്കിയിരിക്കുന്നത്.
പോത്തുണ്ടി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നാലും അയിലൂർ മേഖലയിലെ പാടശേഖരങ്ങളിൽ വെള്ളമെത്താൻ മൂന്നോ നാലോ ദിവസം വേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്. ഈ കാലതാമസം മൂലം നടീൽ പൂർത്തിയാക്കിയ പാടങ്ങളിൽ ഉണക്കുഭീഷണി രൂക്ഷമാകുമെന്ന ആശങ്കയും കർഷകർക്കുണ്ട്.
Tags : Second-crop paddy cultivation faces Nattuvishesham DistrictNews