തൊഴിലാളികളെ നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും രക്ഷപ്പെടുത്തുന്നു.
ചെറുവത്തൂർ: വീടിന് ചുറ്റുമതിൽ നിർമിക്കവേ പാതയോരത്ത് നിന്ന് മണ്ണിടിഞ്ഞ് മൂന്നു തൊഴിലാളികൾക്കുമേൽ വീണു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരു മണിക്കൂർ കൊണ്ട് മൂന്നു തൊഴിലാളികളെയും പുറത്തെത്തിച്ചു. അപകടത്തിൽ കാലുകൾക്ക് പരിക്കേറ്റ കൽപ്പണി മേസ്ത്രി കരിവെള്ളൂർ മതിരക്കോട് സ്വദേശി നാറോത്ത് അശോകൻ (55), പിലിക്കോട് മാണിയാട്ടെ എം. അശോകൻ(47), കരിവെള്ളൂർ കുണിയൻ സ്വദേശി അത്തിക്കൽ വീട്ടിൽ വിജേഷ് (37) എന്നിവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തേ കുന്നിടിഞ്ഞ് വീണ ഭാഗം ശരിയാക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.ഇന്നലെ ഇന്നലെ ഉച്ചയ്ക്കു 12.45ഓടെ ചെറുവത്തൂർ -കയ്യൂർ റോഡിലെ കൊത്തങ്കരയിലായിരുന്നു അപകടം.
ചെങ്കല്ല് കെട്ടി ഉയർത്തുന്നതിനിടയിൽ പാതയോരത്തെ ചരൽ മണ്ണ് ഒന്നാകെ പതിക്കുകയായിരുന്നു. ആറു തൊഴിലാളികളാണ് നിർമാണത്തിനെത്തിയിരുന്നത്. മണ്ണിടിയുന്നതിനിടയിൽ മറ്റു മൂന്നുപേർക്ക് ഓടി രക്ഷപ്പെടാനായി. എന്നാൽ മറ്റുള്ളവർ രക്ഷപ്പെടും മുമ്പ് ചരൽ മണ്ണ് പരിക്കേറ്റ മൂന്നുപേർക്ക് മേൽ പതിക്കുകയായിരുന്നു. ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെ നാട്ടുകാരും അഗ്നി രക്ഷാ സേനാംഗങ്ങളും പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവമറിഞ്ഞ് സന്ദീപ് വാര്യർ എംഎൽഎ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ തുടങ്ങിയ ജനപ്രതിനിധികൾ സ്ഥലത്തെത്തി.
Tags : Nattuvishesham DistrictNews DeepikaNews Soil collapsed