ഖരമാലിന്യ സംസ്കരണം
വൈക്കം: ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി കോട്ടയം ജില്ലയിൽ ഏഴു മുതൽ 14 വരെ ബ്ലോക്ക് തലത്തിൽ നടത്തും. കിലയിൽ പരിശീലനം നേടിയ റിസോഴ്സ് പേഴ്സൺമാർ ബ്ലോക്ക്തല പരിശീലനത്തിന് നേതൃത്വം നൽകും.
തദ്ദേശ വകുപ്പും സംസ്ഥാന ശുചിത്വമിഷനും പരിശീലന പരിപാടിയിൽ പങ്കാളികളാകും. ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാകുന്നതിനുള്ള പ്രവർത്തനങ്ങളിൽ സ്വന്തം വാർഡിലെ ജനങ്ങളെ പങ്കാളികളാക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നിയമപരമായ കടമയാണെന്ന സുപ്രീംകോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടി.
കിലയുടെ നേതൃത്വത്തിൽ സമഗ്രമായ പരിശീലന-ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.പള്ളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഏഴിന് രാവിലെ നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ മുഖ്യ പ്രഭാഷണം നടത്തും.
തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പരിശീലന പരിപാടികളുടെ ക്രമീകരണങ്ങൾ വിലയിരുത്തി. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, കില ജില്ലാ ഫെസിലിറ്റേറ്റർ ടി.വി. ഉദയഭാനു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Solid Waste Management