തിരുവല്ലം: അമ്മായിയമ്മയെ മര്‍ദിച്ച കേസില്‍ മരുമകനെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയും തിരുവല്ലം ടോള്പ്ലാസായ്ക്ക് സമീപം താമസിക്കുന്ന ആളുമായ ഇശക്കി രാജിനെ (39) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ഇശക്കിരാജ്. കഴിഞ്ഞ ദിവസം ഭാര്യയുടെ ഫോണ്‍ പിടിച്ചുവാങ്ങിയതു ഭാര്യാമാതാവ് ചോദ്യം ചെയ്താണ് ആക്രമണത്തിനു കാരണമായത്. ഇതേ തുടർന്നു സമീപത്തുകിടന്ന പൈപ്പ് എടുത്ത് അമ്മായി അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. ഇവരുടെ നെറ്റിക്ക് സാരമായി പരിക്കേറ്റു. അമ്മായിഅമ്മ നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇശക്കി രാജ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വീട്ടമ്മ കിണറ്റിൽ വീണു
കഴക്കൂട്ടം: വെള്ളം കോരുന്നതിനിടെ കാൽ വഴുതി വീട്ടമ്മ കിണറ്റിൽ വീണു. പോത്തൻകോട് നന്നാട്ടുകാവ് വട്ടവിള മാതാവീട് വീട്ടിൽ ഷൈലജ (60 )യാണ് കിണറ്റിൽ വീണത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നിലവിളികേട്ട്് ഓടിയെത്തിയ നാട്ടുകാരാണ് ഷൈലജയെ കിണറ്റിൽനിന്നും പുറത്തെടുത്തത്. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്നി ശമനസേനാഗംങ്ങൾ ആംബുലൻസിൽ ശൈലജയെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റു
വിഴിഞ്ഞം: കോൺക്രീറ്റ് മിക്സിംഗ് ലോറിയും ആക്ടീവയും കൂട്ടിയിടിച്ച് ആക്ടീവ യാത്രികന് ഗുരുതര പരിക്കേറ്റു. മുല്ലൂർ നെല്ലിക്കുന്ന് സ്വദേശി അംബി (55)യ്ക്കാണു പരിക്കേറ്റത്. മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. തുറമുഖ നിർമാണത്തിനു കൊണ്ടുവന്ന ലോറിയും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ അംബിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
Tags : Nattuvishesham Districtnews assaulting