പാലക്കാട്:സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂൾ പ്രതിനിധികൾ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീനെ സന്ദർശിച്ച് നിവേദനം നൽകി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന സ്പെഷ്യൽസ്കൂൾ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പെയ്ഡ്, മാനേജ്മെന്റ് സംഘടനയായ എയ്ഡ് എന്നിവയുടെ പ്രതിനിധികളാണ് മന്ത്രിയെ സന്ദർശിച്ചത്.
പെയ്ഡ് സംസ്ഥാന സെക്രട്ടറി അഡ്വ. ബോബി ബാസ്റ്റിൻ, ജില്ലാ പ്രസിഡന്റ് ജോമി ജോർജ്, എയ്ഡ് പ്രതിനിധികളായ മണ്ണാർക്കാട് സെന്റ് ഡൊമിനിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി, സിസ്റ്റർ ജൂബി എന്നിവരുട നേതൃത്വത്തിലാണ് പ്രതിനിധികൾ മന്ത്രിയെ കണ്ടത്.
യുഡിഎഫ് തീരുമാനപ്രകാരം സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾ എയ്ഡഡ് ആക്കുക, സ്കൂളുകളുടെ അംഗീകാരത്തിനായുള്ള വിദ്യാർഥികളുടെ പ്രായപരിധി 18ൽനിന്ന് കേന്ദ്രസർക്കാർ ഡിഡിആർഎസിനു നിശ്ചയിച്ച 23 വയസിലേക്കു വർധിപ്പിക്കുക, 18 വയസിൽ താഴെയുള്ള എട്ടുകുട്ടികളുണ്ടെങ്കിൽ ആ സ്കൂളിന് അംഗീകാരം നൽകുക, വിദ്യാഭാസവകുപ്പിൽനിന്നും സ്പെഷ്യൽ സ്കൂളുകൾക്കുള്ള ഗ്രാന്റും കുട്ടികളുടെ സ്കോളർഷിപ്പും സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകിയത്.
പാലക്കാട് ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്കോളർഷിപ്പ്തുക വകമാറ്റി ചെലവഴിച്ചത് അടിയന്തരമായി കുട്ടികൾക്കു നൽകാൻ നടപടി വേണമെന്നും നിവേദനത്തിലുണ്ട്.
രക്ഷിതാക്കളും മാനേജ്മെന്റും ഉന്നയിച്ച ഈ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പുനൽകി.