തമ്പലക്കാട് സ്കൂളിൽ ആരംഭിച്ച സൈക്കിളിംഗ് പരിശീലനത്തിൽനിന്ന്.
കാഞ്ഞിരപ്പള്ളി: പഠന പ്രവർത്തനങ്ങളോടൊപ്പം വിദ്യാർഥികളുടെ ശാരീരിക, മാനസികാരോഗ്യ പരിപാലനത്തിനായി തമ്പലക്കാട് എൻഎസ്എസ് യുപി സ്കൂളിൽ നീന്തൽ, സൈക്കിളിംഗ് പരിശീലനം ആരംഭിച്ചു. സംസ്ഥാനത്തുതന്നെ ആദ്യമായിട്ടാണ് സർക്കാർ എയ്ഡഡ് സ്കൂളിൽ സ്ഥിരമായി ക്ലാസിനൊപ്പം നീന്തൽ, സൈക്കിളിംഗ് പരിശീലനം സംഘടിപ്പിക്കുന്നതെന്ന് പ്രധാനാധ്യാപികയായ ലേഖ ജി. നായർ പറയുന്നു.
ദിവസവും മുക്കാൽ മണിക്കൂർ വീതമായി യുപി വിഭാഗത്തിലെ ആൺകുട്ടികൾക്കാണ് നിലവിൽ പരിശീലനം നൽകിവരുന്നത്. രക്ഷാകർത്താക്കൾ നൽകിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ 25 വിദ്യാർഥികളാണ് നീന്തൽ പരിശീലനം നടത്തുന്നത്.
സൈക്കിൾ പഠനത്തിനായി സ്കൂളിലെ എൽപി വിഭാഗം വിദ്യാർഥികളടക്കം പങ്കെടുക്കുന്നുണ്ട്. പെൺകുട്ടികൾക്കും നീന്തൽ പരിശീലനം ഉടൻ ആരംഭിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ നീന്തൽ മത്സരത്തിൽ ചാന്പ്യനായ കാർത്തിക് കൃഷ്ണദാസ് ഈ സ്കൂളിലെ വിദ്യാർഥിയായിരുന്നു. കാർത്തികിന്റെ വിജയം സ്കൂളിന് പ്രചോദനമാകുകയായിരുന്നു. തമ്പലക്കാട് സ്വദേശിയായ ചന്ദ്രമോഹൻ നായരാണ് തന്റെ ഉടമസ്ഥതയിലുള്ള കുളം വിദ്യാർഥികൾക്ക് നീന്തൽ പരിശീലനത്തിനായി സൗജന്യമായി നൽകിയിരിക്കുന്നത്.
Tags : training NattuVishasham DistrictNews