കോട്ടയം: NH- 183, NH-66 എന്നിവയെ ബന്ധിപ്പിച്ചു കോട്ടയത്തുനിന്നാരംഭിച്ച് കുമരകം വെച്ചൂര്‍, വൈക്കം വഴി തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപം അങ്കമാലി-കുണ്ടന്നൂര്‍ ബൈപാസില്‍ എത്തിച്ചേരുന്ന വിധത്തില്‍ പുതിയ റോഡ് നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ ഉടന്‍ നല്‍കുമെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഉറപ്പ് തന്നതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി.
കോട്ടയത്തുനിന്ന് കൊച്ചിയിലേക്ക് അതിരൂക്ഷമായ ഗതാഗതത്തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ദേശീയപാത വിഭാഗത്തിന്റെ കണക്കനുസരിച്ച് കോട്ടയത്തിനും കൊച്ചിക്കുമിടയില്‍ പ്രതിദിനം ഓടുന്നത് റോഡിന്റെ ശേഷിയുടെ ഒമ്പതിരട്ടി പിസിയു ആണ്. അതായത് 90,000 വാഹനങ്ങൾ. നിരപ്പായ രണ്ടു വരി റോഡുകളില്‍ പ്രതിദിനം സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ എണ്ണം 10,000 പിസിയു ആണ്.
തിരക്കുള്ള സമയങ്ങളില്‍ കോട്ടയം-കൊച്ചി റൂട്ടില്‍ 60 കിലോമീറ്റർ യാത്ര ചെയ്യാന്‍ മൂന്നു മണിക്കൂറില്‍ കൂടുതല്‍ സമയം ഇപ്പോള്‍ വേണ്ടിവരുന്നുണ്ട്.
ഈ പ്രശ്നത്തിനു പരിഹാരം കാണുന്നതിനായി ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിച്ചു കോട്ടയത്തുനിന്ന് കൊച്ചിയിലേക്ക് ഇടനാഴി നിര്‍മിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. റോഡ് നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ലോക്സഭയില്‍ കേന്ദ്രമന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുമായി ഫ്രാന്‍സിസ് ജോര്‍ജ് എംപി ചര്‍ച്ച നടത്തിയത്. പരിസ്ഥിതിക്കും കൃഷിക്കും ദോഷം വരാത്തനിലയിലും നീരൊഴുക്കിന് തടസമില്ലാത്ത വിധത്തിലും എലിവേറ്റഡായി റോഡ് നിര്‍മിക്കാമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിനാല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് തടസമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
റോഡ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ പാതയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ ആവശ്യമാണ്. ഇത് ഉടന്‍ നല്കുമെന്നുള്ള ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ നല്കിയാല് ഉടന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പഠന സംഘത്തെ അയയ്ക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു.
റോഡ് പ്രാവര്‍ത്തികമായാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജനങ്ങള്‍ക്ക് വളരെ ഏറെ പ്രയോജനം ലഭിക്കും. മധ്യകേരളത്തിലെ ഗതാഗത വ്യാപാര വ്യവസായ മേഖലകളില്‍ ഇത് ഏറെ ഗുണപ്പെടും. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. കുമരകം അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് വിദേശികള്‍ അടക്കമുള്ളവര്‍ക്ക് വേഗത്തില്‍ എത്താനും കഴിയും.
Tags :