ബത്തേരി ഫുട്പാത്തിൽ തന്പടിച്ച തെരുവ്നായ
സുൽത്താൻ ബത്തേരി: നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. നഗരത്തിലെ പ്രധാന റോഡുകളും ഫുട്പാത്തുകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും തെരുവുനായ്ക്കളുടെ താവളമായി മാറിയതോടെ കാൽനടയാത്രക്കാർ ഭീതിയിലാണ്.
വിദ്യാർഥികളടക്കം ദിവസേന നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന വഴികളിൽ നായ്ക്കൾ കൂട്ടത്തോടെ അലഞ്ഞുനടക്കുന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നു.കഴിഞ്ഞദിവസം രാവിലെ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികൾക്കുനേരേ ഗവൺമെന്റ് ആശുപത്രിക്ക് സമീപം ഫെയർലാൻഡ് ഭാഗത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടുത്തത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി.
സത്രംകുന്ന് റോഡ്, എകെജി റോഡ് തുടങ്ങിയ മേഖലകളിലും തെരുവുനായ്ക്കളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ട്.ഗാന്ധി ജങ്ഷൻ, ചുങ്കം, ബസ് സ്റ്റാൻഡ് പരിസരം, ചുങ്കത്തെ ബസ് കാത്തിരിപ്പുകേന്ദ്രം, നഗരസഭാ ഓഫിസ് പരിസരം, താലൂക്ക് ആശുപത്രി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് നായ്ക്കളുടെ ശല്യം കൂടുതലായി അനുഭവപ്പെടുന്നത്. രാവിലെയും വൈകുന്നേരവും കൂട്ടത്തോടെ അലഞ്ഞുതിരിയുന്ന നായ്ക്കൾ വ്യാപാരസ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും തട്ടുകടകൾക്കും മുന്നിൽ തമ്പടിക്കുന്നതും പതിവാണ്.ഏറ്റവും തിരക്കേറിയ ഗാന്ധി ജങ്ഷനിൽ വാഹനങ്ങൾക്കിടയിലൂടെ അലഞ്ഞുനടക്കുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്കുനേരേ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്നതും കൂട്ടത്തോടെ കടിപിടി കൂടുന്നതും പതിവായിട്ടുണ്ട്. ഇതോടെ റോഡ് മുറിച്ചുകടക്കുന്നതുപോലും പലർക്കും ഭീതിയോടെയാണ്. ഫുട്പാത്തുകൾ നായ്ക്കൾ കൈയടക്കിയതോടെ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട സാഹചര്യവുമുണ്ട്. തെരുവുനായ്ക്കളുടെ വിസർജ്യം മൂലം നടപ്പാതകൾ വൃത്തിഹീനമായതും മറ്റൊരു ദുരിതമാണ്. നഗരത്തിലെ വ്യാപാരമേഖലയിലും പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ഇടങ്ങളിലും ശുചിത്വപ്രശ്നം രൂക്ഷമാകുകയാണ്. സ്കൂൾ വിദ്യാർഥികൾക്കും വയോധികർക്കും സ്ത്രീകൾക്കും ഒരുപോലെ ഭീഷണിയായി മാറുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Tags :