മലപ്പുറം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) 15ന് മലപ്പുറം ജിഎസ്ടി ഓഫീസ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
രാവിലെ 10ന് മലപ്പുറം കളക്ടറുടെ വസതിക്ക് മുന്പിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ തൊഴിലാളികളും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ള അരലക്ഷം പേർ അണിനിരക്കും.
ധർണ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി കണ്വീനർ അസയിൻ കാരാട്ട്, യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ.കെ. ആയിഷ, സംഘാടക സമിതി ചെയർമാൻ കെ. മജ്നു, യൂണിയൻ ജില്ലാ ട്രഷറർ വി.പി. അയ്യപ്പൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഇക്ബാൽ എന്നിവർ പങ്കെടുത്തു.
ജിഎസ്ടി ഓഫീസ് മാർച്ചിൽ പങ്കെടുക്കാനെത്തുന്നവർ കളക്ടറുടെ വസതിക്ക് സമീപത്തുനിന്ന് പെരിന്തൽമണ്ണ റോഡിലേക്കാണ് അണിനിരക്കേണ്ടത്. എംഎസ്പി സ്കൂൾ, എംഎസ്പി സ്കൂൾ ഗ്രൗണ്ട്, വാട്ടർ അഥോറിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിൽ തൊഴിലാളികളെ ഇറക്കണം.
തിരൂർ, വേങ്ങര റോഡിലൂടെ വരുന്ന വാഹനങ്ങൾ കോട്ടപ്പടിയിൽനിന്ന് കോഴിക്കോട് റോഡിലേക്ക് പോയി മുണ്ടുപറന്പ് ബൈപാസ് വഴി പെരിന്തൽമണ്ണ റോഡിൽ പ്രവേശിക്കണം. കോഴിക്കോട്, മഞ്ചേരി ഭാഗങ്ങളിൽനിന്ന് വരുന്നവരും മുണ്ടുപറന്പ് ബൈപാസ് ഉപയോഗിക്കണം. മലപ്പുറം കുന്നുമ്മൽ ജംഗ്ഷനിലേക്ക് വാഹനങ്ങൾ പ്രവേശിക്കരുതെന്ന് സംഘാടക സമിതി അറിയിച്ചു.
Tags : nattu vishesham Strike plan foiled