കേളകം, കണിച്ചാർ പഞ്ചായത്തുകൾ തമ്മിൽ അതിർത്തി പങ്കിടുന്ന ചെരുവാരത്തോട്.
കേളകം: കേളകം, കണിച്ചാർ പഞ്ചായത്തുകൾ തമ്മിൽ അതിർത്തി പങ്കിടുന്ന ചെരുവാരത്തോടിന് കുറുകേ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ കേളകം പഞ്ചായത്തിന്റെ അതിർത്തി വരെ റോഡ് ടാർ ചെയ്തിട്ടുണ്ട്. കണിച്ചാർ പഞ്ചായത്തിന്റെ ഭാഗത്ത് 100 മീറ്റർ മുതൽ 150 മീറ്റർ വരെ ദൂരത്തിലും ടാറിംഗ് പൂർത്തിയായിട്ടുണ്ട്. എന്നാൽ മധ്യത്തിലുള്ള ചെറുവാരത്തോടിന് കുറുകെ പാലമില്ലാത്തത് യാത്രാതടസത്തിന് കാരണമാകുന്നു.
വേനൽക്കാലത്ത് തോടിന് കുറുകെ മണ്ണും പൈപ്പും ഇട്ടാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. എന്നാൽ മഴക്കാലമാകുന്നതോടെ ഈ വഴി പൂർണമായും അടയുകയും ഗതാഗതം തടസപ്പെടുകയും ചെയ്യും.
പാലം നിർമിക്കുകയാണെങ്കിൽ നാട്ടുകാർക്ക് ടൗണിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. കൂടാതെ കൊട്ടിയൂർ ഉത്സവം പോലുള്ള സമയങ്ങളിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വാഹനങ്ങൾ തിരിച്ചുവിടാനും ഈ റോഡ് ഏറെ ഉപകാരപ്പെടും. അതിനാൽ പാലം നിർമിച്ച് യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : NattuVishesham DistrictNews