കണ്ണൂർ: സൂപ്പർലീഗ് കേരള സീസൺ 2 ന്റെ കലാശപ്പോരാട്ടത്തിന് ജവഹർ മുനിസിപ്പൽ സ്റ്റേഡിയവും കണ്ണൂരും ഇന്ന് സാക്ഷ്യം വഹിക്കും. കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തൃശൂര്‍ മാജിക് എഫ്സിയുമാണ് ഫൈനല്‍ മത്സരം. ഫൈനല്‍ ദിനത്തിലെ കര്ട്ടന് റൈസര്‍ പരിപാടികള്‍ വൈകുന്നേരം ആറിനാരംഭിക്കും. 7.30 നാണ് കിക്ക് ഓഫ്. രാജ്യത്തെ പ്രമുഖ കലാകാരന്മാര് അണിനിരക്കുന്ന പരിപാടികളോടെയാകും ഫൈനല്‍ സായാഹ്നം ആരംഭിക്കുക.
പ്രശസ്ത റാപ്പര്‍ ഗബ്രിയടക്കമുള്ള താരനിരയാണ് ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടക്കുന്ന സംഗീത നിശയില്‍ പങ്കെടുക്കുക, വര്‍ണാഭമായ വെടിക്കെട്ടും ലൈറ്റ് ഷോ അടങ്ങുന്ന മികച്ച ദൃശ്യവിരുന്നാണ് സജ്ജീകരിക്കുന്നത്.
കണ്ണൂര്‍ വാരിയേഴ്സ് എഫ്സി സഹഉടമയും നടനുമായ ആസിഫ് അലി, തൃശൂര്‍ മാജിക് എഫ്സി സഹഉടമയും നടനുമായ കുഞ്ചാക്കോ ബോബന് എന്നിവരുള്‍പ്പെടെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍, കായിക താരങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പതിനെട്ടായിരം ആരാധകര്‍ക്ക് കളി നേരിട്ടു കാണാം
ഫെഡറേഷന് കപ്പ്, ഇ.കെ.നായനാര്‍ ഇന്റർനാഷണല്‍ ടൂര്‍ണമെന്റ്, ശ്രീനാരായണ ട്രോഫി, സിസര്സ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ ജവഹര്‍ സ്റ്റേഡിയം സാക്ഷിയായിട്ടുണ്ട്. അവസാനമായി 2008 ല്‍ നടന്ന ഇ.കെ.നായനാര്‍ ഇന്റർനാഷണല്‍ ട്രോഫിയിലാണ് ഫുട്ബോള്‍ മത്സരം കാണാന്‍ ഗാലറി നിറഞ്ഞു കവിഞ്ഞത്. 35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ 18,000 ത്തിലധികം പേര്‍ക്കായിരിക്കും ഫൈനല്‍ മത്സരം കാണാന്‍ സാധിക്കുക. കണ്ണൂര്‍ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരത്തില്‍ നിന്ന് 66,596 പേരാണ് ജവഹര്‍ സ്റ്റേഡിയത്തില്‍ കളികാണാനെത്തിയത്.
ഫുട്ബോൾ സംസ്കാരം തിരിച്ചു വരുന്നുവെന്ന് സൂപ്പർ ലീഗ് അധികൃതർ
ഗാലറികളിലെ ആവേശകരമായ അന്തരീക്ഷം സംസ്ഥാനത്ത് ലൈവ് ഫുട്ബോൾ സംസ്കാരത്തിന്റെ ശക്തമായ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നതെന്നും സൂപ്പർ ലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.
സ്റ്റേഡിയങ്ങൾക്ക് പുറമെ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ലീഗ് വൻ വിജയമായിരുന്നു. 11.6 ലക്ഷത്തിലധികം പേരാണ് സ്പോർട്സ് ഡോട്ട് കോം വഴി തത്സമയം മത്സരം കണ്ടത്. സോണി, ദൂരദർശൻ, ഇത്തിസലാത്ത് ഇവിഷൻ എന്നിവയിലൂടെയുള്ള സംപ്രേക്ഷണവും മുൻ റിക്കാർഡുകളെല്ലാം ഭേദിക്കുമെന്നാണ് കരുതുന്നത്. ഔദ്യോഗിക ബാർക്ക് റിപ്പോർട്ട് വരുന്നതോടെ ചരിത്രപരമായ കണക്കുകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി സൂപ്പർ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് പറഞ്ഞു. ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ ഏതാണ്ട് പൂർണമായും വിറ്റുതീർന്നത് ഫൈനലിനെതിരെയുള്ള ആരാധകരുടെ കാത്തിരിപ്പും ആവേശവും വ്യക്തമാക്കുന്നുവെന്ന് മാത്യു ജോസഫ് പറഞ്ഞു.
വൈകുന്നേരം അഞ്ചുമുതൽ പ്രവേശനം
മത്സരം കാണാനെത്തുന്നവര്‍ ടിക്കറ്റുമായി വൈകുന്നേരം അഞ്ചുമുതൽ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലായാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
7.15 ന് സ്റ്റേഡിയത്തിലെ പ്രവേശന ഗെയിറ്റുകള്‍ അടക്കും. ആറുമുതല്‍ ഫൈനലിനോട് അനുബന്ധിച്ചുള്ള പ്രത്യേക പരിപാടികള്‍ നടക്കും. ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും മത്സരം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം. വിവിഐപി ടിക്കറ്റുള്ളവര്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന് എതിര് വശത്തെ ഗെയിറ്റ് നമ്പര്‍ ഒന്നിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്.
വിഐപി ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ രണ്ടിലൂടെയും അമൂല്‍ ഗാലറി ടിക്കറ്റുള്ളര്‍ ഗെയിറ്റ് മൂന്ന്, നാല് എന്നീ ഗെയിറ്റിലൂടെ അകത്തേക്ക് പ്രവേശിക്കാം. സ്നിക്കേഴ്സ് ഗ്യാലറി ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ ആറ്, ഏഴ് വഴിയും ഓണേഴ്സ് ബോക്സ് ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ അഞ്ചിലൂടെയും സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാവുന്നതാണ്. കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ആരാധകര്‍ അമൂല്‍ ഗാലറിയിലും തൃശൂര്‍ മാജിക് എഫ്സിയുടെ ആരാധകര്‍ സ്നിക്കേഴ്സ് ഗാലറിയിലുമായാണ് ഇരിക്കേണ്ടത്.
Tags : nattu vishesham Super League Kerala