വടശേരിക്കരയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പ്രസംഗിക്കുന്നു.
വടശേരിക്കര: വടശേരിക്കരയിലെ ജനവാസ മേഖലകളില്‍ തുടര്‍ച്ചയായി കാട്ടാന ഇറങ്ങുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി ആധുനിക സാങ്കേതികവിദ്യയും സംയുക്ത കര്‍മപദ്ധതിയുമായി വനംവകുപ്പ്. ആനകള്‍ സ്ഥിരമായി കടന്നുവരുന്ന വഴികളിലെ പ്രധാന പോയിന്റുകളില്‍ സെന്‍സര്‍ അലേര്‍ട്ട് സംവിധാനത്തോടുകൂടിയ രണ്ട് എഐ ക്യാമറകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. വടശേരിക്കരയില്‍ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം എത്തിയതുമായി ബന്ധപ്പെട്ട് സ്ഥിതിഗതി വിലയിരുത്തുന്നതിനും പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആനയുടെ സാന്നിധ്യം മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന സീസ്മിക് സെന്‍സറുകള്‍ മണ്ണിനടിയില്‍ അടിയന്തരമായി സ്ഥാപിക്കും. ആനയുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനായി തെര്‍മല്‍ ഡ്രോണ്‍ അടിയന്തരമായി എത്തിക്കും. നിലവിലുള്ള ഒറ്റവരി സോളാര്‍ വേലി പര്യാപ്തമല്ലാത്തതിനാല്‍ മുഴുവന്‍ മേഖലയും ഉള്‍പ്പെടുത്തി എട്ട് കിലോമീറ്റര്‍ നീളത്തില്‍ അഞ്ച് വരികളുള്ള പുതിയ സോളാര്‍ വേലി സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു.
വനംവകുപ്പ്, പൊലിസ്, ഫയര്‍ഫോഴ്സ് എന്നിവരെ സംയോജിപ്പിച്ചുകൊണ്ട് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഇതില്‍ പരിചയ സമ്പന്നരായ പ്രദേശവാസികളെ വോളണ്ടിയര്‍മാരായി ഉള്‍പ്പെടുത്തും. ഇവരുടെ ലിസ്റ്റ് തയാറാക്കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡിഎഫ്ഒയ്ക്ക് നല്‍കണം. രാത്രികാല പട്രോളിംഗിനും വേലിയുടെ അറ്റകുറ്റപ്പണികള്‍ക്കുമായി ആനകള്‍ സ്ഥിരമായി കടന്നുവരുന്ന പോയിന്റുകളില്‍ രണ്ട് ഷിഫ്റ്റുകളിലായി വാച്ച്മാന്മാരെയും വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് വനംവകുപ്പിന്റെ തേക്ക് തോട്ടത്തിലെ വേലി മാറ്റാന്‍ കഴിയുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. വനാതിര്‍ത്തികളില്‍ ആനയെ പ്രതിരോധിക്കുന്ന ജൈവ വേലികളായ നാരകം, മഞ്ഞള്‍ തുടങ്ങിയ കൃഷികള്‍ പ്രോത്സാഹിപ്പിക്കും. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ മൂല്യവര്‍ധിത കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനായി എംഎല്‍എ യുടെ നേതൃത്വത്തില്‍ ജില്ലാകളക്ടർ, എസ്പി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് സര്‍വ്വകക്ഷി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധി മറികടക്കാന്‍ സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
ആന്റോ ആന്റണി എംപി, പഴകുളം മധു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍, സൗത്ത് സോണ്‍ സിസിഎഫ് കെ കാര്ത്തികേയന്, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഉഷ, റാന്നി ഡിഎഫ്ഒ കെ. അരുള്‍ സെല്വൻ, ജില്ലാ പൊലിസ് മേധാവി ആര് ആനന്ദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Vadasherikkara Nattuvishesham District News wild elephants