മൂവാറ്റുപുഴയിലെ ബ്രാഞ്ച് കനാല്‍ കാടുകയറിയ നിലയില്‍.
മൂവാറ്റുപുഴ: മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി (എംവിഐപി) കനാലുകളുടെ നവീകരണത്തിന് 21 പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി മാത്യു കുഴല്നാടന് എംഎല്‍എ. ടെന്‍ഡര്‍ മറ്റു നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ചു പ്രവൃത്തികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. 1.36 കോടിയാണ് 21 പദ്ധതികള്‍ക്ക് വേണ്ടി ചെലവഴിക്കുന്നത്. മന്ത്രി മോന്‍സ് ജോസഫുമായി മാത്യു കുഴല്നാടന് എംഎല്‍എ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിയിലെ ആകെ 77 പ്രവൃത്തികള്‍ക്കായി ആറു കോടിയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നത്. തുക അനുവദിച്ചതിന് പിന്നാലെ സാങ്കേതികാനുമതി വേഗത്തില്‍ ലഭ്യമാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുവാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ 1.36 കോടി ചെലവു വരുന്ന 21 പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്.
കാലപ്പഴക്കം, പ്രളയക്കെടുതികള്‍, മണ്ണിടിച്ചില്‍, കരയിടിച്ചില്‍, അപര്യാപ്തമായ അറ്റകുറ്റപ്പണികള്‍ എന്നിവ മൂലം പദ്ധതിയുടെ പ്രധാന കനാലുകളും ഉപകനാലുകളും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച അവസ്ഥയിലായിരുന്നു. പല ഭാഗങ്ങളിലും ലൈനിംഗ് തകര്‍ച്ച, ചോര്‍ച്ച, പൊട്ടല്‍, വശങ്ങള് ഇടിയല്‍, സംരക്ഷണഭിത്തികളുടെ നാശം, ക്രോസ് ഡ്രെയ്നേജ് ഘടനകളുടെ ജീര്‍ണാവസ്ഥ എന്നിവ മൂലം ജലവിതരണത്തിന്റെ കാര്യക്ഷമത കാര്യമായി കുറഞ്ഞിരുന്നു. വലിയ തോതില്‍ ജലനഷ്ടം സംഭവിക്കുന്ന ഈ സാഹചര്യം എംഎല്‍എ മന്ത്രിയെ നേരിട്ട് ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ആറുകോടി അനുവദിച്ചത്. പ്രധാന കനാലുകള്‍, ബ്രാഞ്ച് കനാലുകള്‍, ഡാമില്‍ നിന്നോ പ്രധാന കനാലില്‍ നിന്നോ വരുന്ന വെള്ളം കൃഷിയിടങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ സഹായിക്കുന്ന ചെറിയ ശാഖാ കനാലുകള്‍, ക്രോസ് ഡ്രെയ്നേജ് എന്നിവയുടെ നവീകരണമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇതിനൊപ്പം കനാലുകളുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടി സുഗമമായ ജലവിതരണത്തിന് തടസം സൃഷ്ടിക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനും സ്ഥിരമായ ജലസേചനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ നിന്നുള്ള ജലമാണ് പ്രധാനമായും ഇതിനായി ഉപയോഗിക്കുന്നത്. 323 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച കനാലുകളിലൂടെയാണ് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ജലസേചനം ലഭ്യമാകുന്നത്.
തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലെ ഏകദേശം 18,173 ഹെക്ടര്‍ ഭൂമിയിലെ കര്‍ഷകരുടെ പ്രധാന ആശ്രയമാണ് ഈ പദ്ധതി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ 21 പ്രവൃത്തികളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു.
Tags : Muvattupuzha Vali Irrigation Project NattuVishesham DistricteNews