പൊന്നാനി: പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യങ്ങൾ വിലയിരുത്തി പാർട്ടി അടിത്തറ കൂടുതൽ ശക്തിപ്പെടുത്താനുള്ള സുപ്രധാന തീരുമാനങ്ങളുമായി സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം പൊന്നാനിയിൽ സമാപിച്ചു. ജില്ലാ കമ്മിറ്റിയിലേക്ക് കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. തിരൂരങ്ങാടി ഏരിയാ സെക്രട്ടറിയായ തയ്യിൽ അലവിയെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കൂടാതെ കെ. ബദറുന്നിസ, പി. പത്മജ, എം.ടി. അഹമ്മദ്, ഇ. നരേന്ദ്രദേവ് എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.
മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് പാർട്ടി മുന്നോട്ടുപോവുക. ഏത് ഘട്ടത്തിലും മതനിരപേക്ഷതയും മതസൗഹാർദ്ദവും ഉയർത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറമെന്ന്് ജില്ലാ സെക്രട്ടറി വി.പി. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും സർക്കാരിനുമെതിരായി വ്യാജ പ്രചാരണങ്ങൾ വ്യാപകമായി നടന്നു. പാർട്ടിയിൽ വിശ്വസിച്ച ന്യൂനപക്ഷ വിഭാഗങ്ങളിലടക്കം ഇത് തെറ്റിധാരണയുണ്ടാക്കി. മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയടക്കമുള്ളവരുമായി ചേർന്ന് നടത്തിയ പ്രചാരണങ്ങൾ തെറ്റാണെന്ന് ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായിട്ടുണ്ട്.
സംഘപരിവാർ അജൻഡ നടപ്പാക്കുന്ന നിലയിലേക്ക് യുഡിഎഫ് സർക്കാർ മാറിയെന്നത് ജനങ്ങൾക്ക് ചെറിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ബോധ്യമായി. ഇത് കൂടുതൽ ജനവിഭാഗങ്ങളിലേക്ക് എത്തിക്കും.
പി. നന്ദകുമാറിന്റെ വിവാദ മലപ്പുറം പരാമർശത്തിലും ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കി. തന്റെ പ്രസ്താവനയെക്കുറിച്ച് നന്ദകുമാർ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും പറഞ്ഞ കാര്യങ്ങൾ തെറ്റായ ഉദ്ദേശത്തോടെയുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും വി.പി. അനിൽ പറഞ്ഞു. മലപ്പുറം എന്നത് തികഞ്ഞ മതസൗഹാർദ്ദമുള്ള ജില്ലയാണെന്നതാണ് സിപിഎമ്മിന്റെ എന്നും നിലനിൽക്കുന്ന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
മലയോര മേഖലയിലെ 11 പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെട്ട വിഷയം പ്രിയങ്ക ഗാന്ധി എംപി കാര്യമായി ഇടപെട്ടില്ലെന്ന് വിമർശിച്ച യോഗം, പ്രദേശവാസികളുടെ ഈ വിഷയം ഏറ്റെടുക്കാൻ തീരുമാനിച്ചു.
മന്ത്രിയെ തടഞ്ഞ് വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ യുവമോർച്ചയ്ക്കെതിരേ നടപടിയെടുക്കാത്തതിൽ യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ സമീപനം വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.