പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ പത്തനംതിട്ട ജില്ലയെ പൂർണമായി അവഗണിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. പുനലൂർ-മൂവാറ്റുപുഴ മലയോര പാതയടക്കം ബിഎം ബിസി റോഡുകൾ, കോന്നി മെഡിക്കൽ കോളജ് ഉൾപ്പടെ നിർമ്മാണം പൂർത്തിയാക്കി ആശുപത്രി -സ്കൂൾ കെട്ടിട സമുച്ചയങ്ങൾ, നിരവധി ജലവിതരണ പദ്ധതികളടക്കം സമ്പദ് സമൃദ്ധമായിരുന്നു കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണകാലം.
ജില്ലാ ആസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷന് 12 കോടി രൂപ നൽകുമെന്നാണ് പ്രഖ്യാപനം. ബലക്ഷയം മൂലം ഇവിടെ നിന്ന് ഓഫീസുകൾ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കെട്ടിടം ഉടൻ പൊളിക്കുകയും വേണം. നിലവിലെ വാഹനത്തിരക്ക് കണക്കിലെടുത്ത് പാർക്കിംഗിന് നാല് നിലകളെങ്കിലും വേണം. ഓഫീസുകളടക്കം പ്രവർത്തിപ്പിക്കാൻ10 നിലകളെങ്കിലുമുള്ള കെട്ടിടം പൂർത്തിയാക്കണമെങ്കിൽ 100 കോടിയെങ്കിലും വേണം.
ശബരിമല തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം.
മണ്ഡല -മകരവിളക്ക് സീസണിലും മാസ പൂജകൾക്കും വിശേഷ ദിവസങ്ങൾക്കും മാത്രം തുറക്കുന്ന കാനന ക്ഷേത്രത്തിൽ എങ്ങനെ തിരുപ്പതി മോഡൽ നടപ്പിലാക്കും എന്ന ചോദ്യം ഉയരുന്നു. എന്നാൽ അവശ്യം വേണ്ട ശബരിമല മാസ്റ്റർ പ്ലാനിനെക്കുറിച്ചോ വിമാനത്താവളത്തെക്കുറിച്ചോ ശബരി റെയിൽ പദ്ധതിയെക്കുറിച്ചോ ബജറ്റിൽ ഒരു പരാമർശവുമില്ല.
പദ്ധതിയുടെ രണ്ടാം ഘട്ടമായി എരുമേലിയിൽ നിന്ന് റാന്നി വഴി പുനലൂരിലേക്കും മൂന്നാം ഘട്ടത്തിൽ പുനലൂരിൽ നിന്ന് നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കും നീട്ടുന്നതാണ് റെയിൽ പദ്ധതി. ചെലവിന്റെ 50 ശതമാനം കിഫ്ബി മുഖേന വഹിക്കാമെന്ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് ഉറപ്പ്കൊടുത്തിരുന്നതാണ്.
റബറിന് 250 രൂപയാണ് തറവിലയായി പ്രഖ്യാപിച്ചത്. നിലവിൽ 275 മുതൽ 300 വരെ വില ലഭിക്കുമ്പോൾ നടത്തിയ ഈ പ്രഖ്യാപനം കർഷകരെ അവഹേളിക്കുന്ന നടപടിയാണ്. റബർ വില 190 രൂപയായിരുന്നപ്പോൾ എൽഡിഎഫ് സർക്കാർ 200 രൂപ നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും രാജു ഏബ്രഹാം പറഞ്ഞു.