മുണ്ടക്കയം: ടൗണിൽ ബസ് സ്റ്റാൻഡിന് സമീപമുണ്ടായിരുന്ന മാലിന്യക്കൂമ്പാരം പഞ്ചായത്ത് നീക്കം ചെയ്തു. സ്റ്റാൻഡിനുള്ളിൽ കംഫർട്ട് സ്റ്റേഷനോട് ചേർന്നുകിടന്നിരുന്ന മാലിന്യമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ടിപ്പർ ലോറികളിൽ മാറ്റിയത്.
പ്രദേശത്ത് രാപകൽ വ്യത്യാസമില്ലാതെ ആളുകൾ മാലിന്യം തള്ളുന്നത് പതിവായിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് അധികവും തള്ളിയിരുന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകഴിയുമ്പോൾ വാഹനങ്ങളിൽ മാലിന്യം എത്തിച്ച് ഇവിടെ തള്ളുകയായിരുന്നു പതിവ്.
വർഷങ്ങളായി തുടരുന്ന മാലിന്യനിക്ഷേപം കാരണം പ്രദേശമാകെ ദുർഗന്ധപൂരിതമായിരുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ബസ് സ്റ്റാൻഡിലും സമീപത്തെ ടാക്സി സ്റ്റാൻഡിലും ദുർഗന്ധം മൂലം നിൽക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതേതുടർന്നാണ് പഞ്ചായത്ത് അധികൃതർ മാലിന്യം നീക്കാൻ തീരുമാനിച്ചത്.
പ്രദേശത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡും നിരീക്ഷണ കാമറകളും സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു പറഞ്ഞു.
Tags : nattu vishesham garbage dump Mundakayam bus stand area