പ്രതീകാത്മക ചിത്രം
കാക്കനാട്: സ്വന്തമായുള്ള വീടും ഭൂമിയും മോഹവിലയ്ക്ക് വിറ്റ ശേഷം സ്വന്തമായി ഒരിടത്തും ഭൂമിയും കിടപ്പാടവും ഇല്ലെന്ന സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കി സര്‍ക്കാര്‍ വക റവന്യൂ പുറമ്പോക്കുകള്‍ കൈക്കലാക്കാന്‍ കളക്ടറേറ്റിലും വില്ലേജ് ഓഫീസുകളിലും അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണം പെരുകുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ച് റവന്യൂ ഭൂമി സ്വന്തമാക്കിയവരില്‍ തദ്ദേശ രാഷ്ടീയ നേതാക്കളും ഉള്‍പ്പെട്ടതായി സൂചന. ബിനാമി പേരുകളില്‍ അപേക്ഷ സമര്‍പ്പിച്ച് പട്ടയം തരപ്പെടുത്തിയ ശേഷം നിശ്ചിത കാലംകഴിയുമ്പോള്‍ ഇത്തരത്തില്‍ സ്വന്തമാക്കുന്ന സര്‍ക്കാര്‍ വക സ്ഥലം ഭൂമി ലഭിച്ച ആളില്‍ നിന്നും കരാര്‍ എഴുതി വാങ്ങുന്നതായും ആക്ഷേപമുണ്ട്.
തൃക്കാക്കര നഗരസഭാ പരിധിക്കുള്ളില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ വക ഭൂമിയുണ്ട്. കളക്ടറേറ്റിനു സമീപം അരയേക്കര്‍ മുതല്‍ ഒന്നര ഏക്കര്‍ വരെ ഭൂമി കൈവശപ്പെടുത്തിയവരും ഏറെയാണ്. കൈവശ ഭൂമിയില്‍ അഞ്ചോ പത്തോ സെന്റിനു മാത്രം പട്ടയം തരപ്പെടുത്തിയ ശേഷം ഇതേ പട്ടയ വസ്തുവിനോട് ചേര്‍ന്നുള്ള സ്ഥലവും കൈവശപ്പെടുത്തി മതില്‍കെട്ടി സംരക്ഷിക്കുകയാണ് പലരും. കോടികള്‍ വില വരുന്ന റവന്യൂ പുറമ്പോക്ക് അനധികൃത കൈയേറ്റക്കാരില്‍ നിന്നും തിരിച്ചു പിടിക്കാന്‍ റവന്യൂ അധികൃതര്‍ നടപടി ആരംഭിച്ചെങ്കിലും കൈയേറ്റം ഒഴിപ്പിക്കല്‍ പാതിവഴിയില്‍ നിലക്കുകയായിരുന്നു.
കൃഷിക്കും സ്വന്തമായി ഭവനനിര്മാണത്തിനുമല്ലാതെ പട്ടയ ഭൂമി മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പരിവര്ത്തനപ്പെടുത്തരുതെന്ന റവന്യൂ അധികൃതരുടെ കര്‍ശനനിര്‍ദേശങ്ങള്‍ അവഗണിച്ച് പട്ടയ ഭൂമിയില്‍ ഹോട്ടലുകളും ഗോഡൗണുകളും നിര്‍മിച്ച് വാടകയ്ക്കു നല്‍കുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.
Tags :