പ്രതീകാത്മക ചിത്രം
കൂത്താട്ടുകുളം: കൂത്താട്ടുകുളം - നടക്കാവ് റോഡിൽ വടകര പള്ളിക്ക് സമീപം റോഡിലേക്ക് അപകടകരമായ രീതിയിൽ താഴ്ന്നു കിടക്കുന്ന വൈദ്യുത ലൈനുകൾ യാത്രക്കാർക്ക് ഭീഷണി. പള്ളിക്ക് സമീപമുള്ള വളവിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് ചരിഞ്ഞതാണ് ലൈനുകൾ റോഡിലേക്ക് താഴ്ന്നു കിടക്കാൻ കാരണം. കണ്ടെയ്നർ ലോറികൾ ഉൾപ്പടെ ഉയരം കൂടിയ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ലൈനുകളിൽ തട്ടുന്നത് പതിവായി. അടുത്തിടെ ഇത്തരത്തിൽ വലിയ വാഹനം തട്ടി വൈദ്യുതി ലൈനിനൊപ്പം കടന്നുപോകുന്ന കേബിൾ നെറ്റ് വർക്ക് വയറുകൾ റോഡിലേക്ക് പൊട്ടിവീണിരുന്നു. ലൈനുകൾ പൊട്ടി വൻ ദുരന്തം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുമ്പോഴും വിഷയത്തിൽ കെഎസ്ഇബി അധികൃതർ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
രണ്ടുമാസം മുന്പ് ഇവിടെയുണ്ടായ വാഹനാപകടത്തിൽ സമീപത്തെ മറ്റൊരു പോസ്റ്റും ഒടിഞ്ഞു വീണിരുന്നു. ഇതേത്തുടർന്നുണ്ടായ അധിക സമ്മർദമാണ് മറ്റു പോസ്റ്റുകൾക്കും ബലക്ഷയം സംഭവിക്കാനും നിലവിലെ പോസ്റ്റ് റോഡിലേക്ക് ചരിയാനും ഇടയാക്കിയത്. അപകടാവസ്ഥയിലായ ഈ പോസ്റ്റ് കൂടുതൽ ചരിയാതിരിക്കാൻ സ്റ്റേ വയറുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കാനോ മറ്റ് അടിയന്തര മുൻകരുതലുകൾ സ്വീകരിക്കാനോ അധികൃതർ തയാറായിട്ടില്ല.
പലതവണ കെഎസ്ഇബി അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിട്ടും ശാശ്വതമായ പരിഹാരം കാണാൻ ഉദ്യോഗസ്ഥർ മെനക്കെടുന്നില്ലെന്നാണ് പരാതി. തിരക്കേറിയ ഹൈവേയിൽ വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് അപകടാവസ്ഥയിലായ പോസ്റ്റ് പുനഃസ്ഥാപിച്ച് ലൈനുകൾ സുരക്ഷിതമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.
Tags :