കൊയിലാണ്ടി ജോയിന്റ് ആര്‍ടിഒ ഓഫിസ് മന്ത്രി സി.പി. ജോണ്‍ സന്ദര്‍ശിക്കുന്നു.
കൊയിലാണ്ടി: കെഎസ്ആര്‍ടിസിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ വിപുലീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. കൊയിലാണ്ടി ജോയിന്റ് ആര്‍ടിഒ ഓഫിസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്കിയാല്, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആധുനിക സംവിധാനങ്ങളോടുകൂടിയ മോഡല്‍ ജോയിന്റ് ആര്‍ടിഒ ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്കി. അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എയ്ക്കൊപ്പമാണ് മന്ത്രി ഓഫീസ് സന്ദര്‍ശിച്ചത്.
കെഎസ്ആര്‍ടിസിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എംഎല്‍എമാര്‍, സഹകരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെ പുതിയ ബസുകള്‍ സര്‍വീസിന് ലഭ്യമാക്കുന്നുണ്ട്. ഡിപ്പോകളുടെ പ്രവര്‍ത്തനത്തിലും സര്‍വീസുകളിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മേയര്‍, നിസിപ്പല്‍ ചെയര്‍പേഴ്സണ്‍,പഞ്ചായത്ത് പ്രസിഡന്റ്, പ്രാദേശിക വാര്‍ഡ് മെമ്പര്‍ എന്നിവരെ ഉള്‍പ്പെടുത്തി ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമല തീര്‍ഥാടന സീസണിനായി 100 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ പൂര്‍ണമായി റീഫര്‍ബിഷ് ചെയ്ത് സര്‍വീസുകള്‍ക്ക് സജ്ജമാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്കായി "ചാര്‍ട്ടേഡ് ബസ്' സൗകര്യവും ലഭ്യമാക്കും. ടിക്കറ്റ് തുക മുന്‍കൂട്ടി നല്കിയാല് ഭക്തര്‍ക്ക് ബസ് സ്റ്റാന്‍ഡില്‍ എത്താതെ തന്നെ അവരുടെ വീടുകള്‍ക്കോ ക്ഷേത്രങ്ങള്‍ക്കോ മുന്നില്‍ കെഎസ്ആര്‍ടിസി ബസ് എത്തിച്ചു നല്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ യു.കെ. ചന്ദ്രന്, കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ജെബി ചെറിയാന്, കൊയിലാണ്ടി ജോയിന്റ് ആര്‍ടിഒ എം.കെ. പ്രജീഷ്, വടകര ജോയിന്റ് ആര്‍ടിഒ പി. സജീഷ്, പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ ടി. പ്രജീഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags :