അബ്ദുള്ള തസ്സാൻ
പെരിന്തല്‍മണ്ണ: വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ ഒരേ സ്ഥാപനത്തില്‍ വിയര്‍പ്പൊഴുക്കിയ ഒരു കൂട്ടം മലയാളികള്‍. പ്രവാസകാലം കഴിഞ്ഞ് അവരെല്ലാവരും പലവഴിക്ക് നാട്ടിലേക്ക് മടങ്ങി. എങ്കിലും ആ സൗഹൃദം അവിടെ അവസാനിച്ചില്ല. എല്ലാ വര്‍ഷവും ഒക്ടോബറില്‍ "അല്താസാന്' സംഗമം എന്ന പേരില്‍ അവര്‍ മങ്കടയില്‍ ഒത്തുകൂടും.
വിവാഹങ്ങളിലും ദുഃഖങ്ങളിലും ഒരു കുടുംബത്തെപ്പോലെ അവര്‍ പരസ്പരം താങ്ങായി നിന്നു. 12 വർഷം തികയുന്ന കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ഒത്തുകൂടല്‍ മങ്കട വേരുംപുലാക്കല്‍ കല്പക ബില്‍ഡിംഗിൽ നടന്നപ്പോൾ അതിൽ പങ്കെടുക്കാൻ എത്തിയത് ഒരു വിശിഷ്ട വ്യക്തിത്വമായിരുന്നു.
സംഗമത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ പഴയ അറബി തൊഴിലുടമ അബ്ദുള്ള തസ്സാനാണ് തന്റെ പ്രിയപ്പെട്ട തൊഴിലാളികളെ ഒന്നുകൂടി കാണാനും സൗഹൃദം പുതുക്കാനും സൗദിയിൽനിന്നും മങ്കടയിലെത്തിയത്. അബ്ദുള്ള തസ്സാന് വേദിയിലേക്ക് കടന്നുവന്ന നിമിഷം, ആ പഴയ പ്രവാസികളുടെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞു. സ്നേഹത്തിന് അതിരുകളില്ലെന്ന് ആ കൂടിക്കാഴ്ച വീണ്ടും തെളിയിച്ചു.
ചടങ്ങില്‍ പങ്കെടുത്ത നൂറിലേറെ വരുന്ന മുന്‍ തൊഴിലാളികള്‍ക്ക് അദ്ദേഹം സാമ്പത്തിക സഹായം അടങ്ങിയ കവറുകള്‍ സമ്മാനിച്ചു. ചടങ്ങില്‍ മുഹമ്മദ് കുട്ടി ഹാജി മാടശേരി അധ്യക്ഷത വഹിച്ചു. സലാഹുദ്ദീന് മാടശേരി, കുഞ്ഞു സാഹിബ് കോരമ്പ എന്നിവര്‍ പ്രാര്‍ഥന നടത്തി. അബ്ദുള്ള തസ്സാന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അഷ്റഫ് കാരി പ്രസംഗിച്ചു.
Tags :