മഴയെത്തുടർന്ന് കാഞ്ചിയാർ ലബ്ബക്കടയിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണപ്പോൾ.
കട്ടപ്പന: ശക്തമായ മഴയെത്തുടർന്ന് കാഞ്ചിയാർ ലബ്ബക്കടയിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ലബ്ബക്കട ടൗണിൽ പഞ്ചായത്ത് റോഡിൽ സ്ഥിതി ചെയ്തിരുന്ന കൂട്ടുങ്കൽ ജോർജിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. കെട്ടിടത്തിൽ ബാബു അഞ്ചാനി, അനിൽ ചെമ്പൻപുരിയിടം , ശശീദരൻ എന്നിവരുടെ പലചരക്കുകടകൾ, മിനി കോഫി ഷോപ്പ് എന്നിവയാണ് പ്രവർത്തിച്ചിരുന്നത്.
ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. തകർന്നു വീഴുന്ന ശബ്ദം കേട്ട് കടയിൽ ഉണ്ടായിരുന്ന ഉടമകൾ അടക്കം പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല. കെട്ടിടത്തിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിനു കേടുപാടുകൾ സംഭവിച്ചു. അമ്പതോളം വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് തകർന്നത്.
മഴ വെള്ളം ഇറങ്ങി വ്യാപാരസ്ഥാപനത്തിൽ ഉണ്ടായിരുന്ന സാധനങ്ങൾക്ക് നാശം സംഭവിച്ചു .. നാട്ടുകാരുടെയും കട ഉടമകളുടടെയും നേതൃത്വത്തിൽ സാധനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.